യു.എസ് - കാനഡ അതിർത്തിയിൽ അറസ്റ്റിലായ ഇന്ത്യൻ യുവതിയുടെ കൈ മുറിച്ചു മാറ്റിയേക്കും

Monday 24 January 2022 1:23 AM IST

ന്യൂയോർക്ക്: അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ചതിന് യു.എസ് - കാനഡ അതിർത്തിയിൽ പിടിയിലായ ഏഴ് ഇന്ത്യക്കാരിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കഠിനമായ തണുപ്പിനെ തുടർന്ന് പരിക്കേറ്റ ഒരു സ്ത്രീയുടെ കൈ ഭാഗികമായി മുറിച്ചു മാറ്റേണ്ടി വരും. ഇന്ത്യൻ പൗരന്മാരെ കാനഡയിൽ നിന്ന് അനധികൃതമായി യു.എസിലേക്ക് കടത്താൻ ശ്രമിച്ചതിന് അറസ്റ്റിലായ സ്റ്റീവ് ഷാൻഡിനെതിരെ മിനസോട്ട ജില്ലാ കോടതിയിൽ ക്രമിനൽ കേസ് ഫയൽ ചെയ്തതുമായി ബന്ധപ്പെട്ട രേഖയിലാണ് ഇക്കാര്യം പരാമർശിച്ചിട്ടുള്ളത്. രണ്ടു ഇന്ത്യൻ പൗരൻമാരെ കടത്തിയെന്നാണ് സ്റ്റീവ് ഷാൻഡിനെതിരായ കേസ്.

'പിടിയിലായവരിൽ ഒരു പുരുഷനും സ്ത്രീയ്ക്കും ഗുരുതരമായ പരിക്കുകളുണ്ട്. ഇതിൽ പുരുഷനെ ഡിസ്ചാർജ് ചെയ്തു.എന്നാൽ സ്ത്രീയുടെ ജീവൻ രക്ഷിക്കാനായി അവരുടെ ഒരു കൈ ഭാഗികമായി മുറിയ്ക്കേണ്ടി വരും. ആശുപത്രിയിലേക്കെത്തിക്കുന്ന വഴി സ്ത്രീയ്ക്ക് പലവട്ടം ശ്വാസം നിലയ്ക്കുന്ന അവസ്ഥയുണ്ടായതായി കോടതിയിൽ യു.എസ് പൊലീസ് നൽകിയ റിപ്പോർട്ടിൽ പരാമർശമുണ്ട്. അതിർത്തി കടക്കാൻ ശ്രമിച്ച സംഘത്തിൽപ്പെട്ട നാലംഗ ഇന്ത്യൻ കുടുംബത്തെ ബുധനാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയ വിഷയം അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു.

അമേരിക്കയിൽ ശക്തമായ മഞ്ഞു മഴ

കനത്ത മഞ്ഞു മഴയെ തുടർന്ന് യു.എസിൽ മൂന്ന് സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വിർജീനിയ, നോർത്ത് കാരോലിന, സൗത്ത് കരോലിന എന്നീ സംസ്ഥാനങ്ങളിലാണ് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിപ്പിനെ തുടർന്ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളിലെ മൂന്ന് കോടിയോളം പേർ ഹിമപ്പേമാരിയുടെ ഭീഷണിയിലാണ്. മണിക്കൂറിൽ 60 കിലോമീറ്ററോളം വേഗമുള്ള മഞ്ഞ് കാറ്റ് മേഖലയിൽ ആഞ്ഞടിക്കുമെന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രശ്നബാധിത മേഖലകളിൽ നിന്ന് നിരവധി പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. സ്കൂളുകൾ അടയ്ക്കുകയും നിരവധി വിമാന സർവീസുകൾ റദ്ദാക്കുകയും ചെയ്തു. ഈ പ്രദേശങ്ങളിലെ പ്രധാന പാതകളെല്ലാം മഞ്ഞ് മൂടിയ അവസ്ഥയിലാണ്. മഞ്ഞ് നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിലും വാഹനങ്ങൾ തെന്നി മറിയാനുള്ള സാദ്ധ്യത കൂടുതലായതിനാൽ ആളുകൾ അനാവശ്യമായി പുറത്തിറങ്ങറുതെന്ന് അധികൃതർ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.


Advertisement
Advertisement