ഇന്ത്യയ്ക്ക് ഭീഷണി; ആർടിപിസിആറിൽ പോലും കണ്ടെത്താനാകാത്ത 'രഹസ്യ' ഒമിക്രോൺ ഉപവകഭേദം അതിവേഗം പടരുന്നു

Monday 24 January 2022 12:43 PM IST

ന്യൂഡൽഹി: ആർ ടി പി സി ആർ ടെസ്റ്റിലൂടെ പോലും കണ്ടെത്താൻ സാധിക്കാത്ത ഒമിക്രോണിന്റെ പുതിയ ഉപവകഭേദത്തെ നാൽപ്പതിൽപരം രാജ്യങ്ങളിൽ സ്ഥിരീകരിച്ചതായി യു കെ. യൂറോപ്പിലുടനീളം കൂടുതൽ ശക്തമായ തരംഗത്തിന് കാരണമായേക്കാവുന്ന ബി എ.2 ഉപവകഭേദമാണ് കണ്ടെത്തിയിരിക്കുന്നത്.


ഒമിക്രോൺ വകഭേദത്തിന് മൂന്ന് ഉപവകഭേദങ്ങളുണ്ടെന്നാണ് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തുന്നത്. ബി എ.1, ബി എ.2, ബി എ.3. ലോകമെമ്പാടും റിപ്പോർട്ട് ചെയ്യപ്പെട്ട ഒമിക്രോൺ കേസുകളിൽ ബി എ.1 ഉപവകഭേദമാണ് ഏറ്റവും പ്രബലം. അതേസമയം, ബി എ.2വും അതിവേഗം വ്യാപിക്കുകയാണ്. എന്നാൽ ഡെൻമാർക്കിൽ സ്ഥിരീകരിച്ച ഒമിക്രോൺ കേസുകളിൽ അൻപത് ശതമാനവും ബി എ.2 ഉപവകഭേദമാണെന്നാണ് സ്ഥിരീകരണം. യു കെയിലെ ആരോഗ്യ വിദഗ്ദ്ധർ ബി എ.2വിനെ 'പരിശോധനയിൽ ആയിരിക്കുന്ന വകഭേദമെന്നാണ്' വിശേഷിപ്പിച്ചിരിക്കുന്നത്. 'ആശങ്കപ്പെടേണ്ട വകഭേദമായി' പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് ഇത്തരത്തിൽ വിശേഷിപ്പിക്കുന്നത്. യു കെയ്ക്കും ഡെൻമാർക്കിനും പുറമേ ഇന്ത്യ, സ്വീഡൻ, നോർവെ എന്നിവിടങ്ങളിലും ഒമിക്രോണിന്റെ പുതിയ ഉപവകഭേദം കണ്ടെത്തിയിട്ടുണ്ട്.

ബി എ.2 എങ്ങനെ ഭീഷണിയാകുന്നു?

ഒമിക്രോണിന്റെ ഉപവകഭേദമായ ബി എ.1ൽ പരിവർത്തനം സംഭവിക്കാറുണ്ട്. എസ് ജീൻ അഥവാ സ്പൈക്ക് ജീൻ ഒമിക്രോൺ ബാധിതരിൽ നഷ്ടപ്പെടുന്നു. ഇത് പ്രകാരമാണ് ആർ ടി പി സി ആർ ടെസ്റ്റിലൂടെ എളുപ്പത്തിൽ ഒമിക്രോൺ സ്ഥിരീകരിക്കുന്നത്. എന്നാൽ ബി എ.2വിൽ ഈ പരിവർത്തനം സംഭവിക്കാത്തത് ഇതിനെ കണ്ടെത്തുന്നത് കൂടുതൽ സങ്കീർണമാക്കുന്നു. ഇക്കാരണങ്ങളാൽ ഇവയെ രഹസ്യ ഒമിക്രോൺ (സ്റ്റെൽത്ത് ഒമിക്രോൺ) അല്ലെങ്കിൽ ഒളിഞ്ഞിരിക്കുന്ന ഒമിക്രോൺ എന്നാണ് വിദഗ്ദ്ധർ വിശേഷിപ്പിക്കുന്നത്. ഇന്ത്യയിലും ഫിലിപ്പീൻസിലും ഏറ്റവും കൂടുതലായി കണ്ടുവരുന്ന ഒമിക്രോൺ ഉപവകഭേദവും ബി എ.2 ആണ്.

Advertisement
Advertisement