വരും മണിക്കൂറുകൾ ദിലീപിന് നിർണായകം,​ കൂടുതൽ പേരെ മൊഴിയെടുക്കാൻ വിളിച്ചുവരുത്തും; പ്രതികളുടെ ഒരു വർഷത്തെ കോൾ ഡീറ്റെയിൽസ് ശേഖരിച്ച് അന്വേഷണസംഘം

Tuesday 25 January 2022 12:38 PM IST

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിനെയും കൂട്ടുപ്രതികളെയും ചോദ്യം ചെയ്യുന്നത് മൂന്നാം ദിവസവും തുടരുകയാണ്. നിർണായക വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ ഇപ്പോഴത്തെ തീരുമാനം. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ വ്യാസൻ എടവനക്കാട് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി. കൂടുതൽ പേരെ ഉച്ചയോടെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം,​ നടിയെ ആക്രമിച്ച കേസിലെ ഹർജികൾ ഈ മാസം 28 ന് പരിഗണിക്കാനായി വിചാരണക്കോടതി മാറ്റിയിട്ടുണ്ട്. ദിലീപ് നൽകിയതും അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസ് നൽകിയതുമായ ഹർജികളുമാണ് വിചാരണക്കോടതിയുടെ മുന്നിലുണ്ടായിരുന്നത്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥന്റെ കൈയിലുണ്ടന്നും ഈ ദൃശ്യങ്ങൾ കോടതിയിൽ സമർപ്പിക്കാൻ ആവശ്യപ്പെടണമെന്നുമാണ് ദിലീപ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്.

പൾസർ സുനിയെ ചോദ്യം ചെയ്യണമെന്ന ആവശ്യമായിരുന്നു ഡിവൈഎസ്‌പി ബൈജു പൗലോസിന്റെ ഹർജിയിൽ പറയുന്നത്. വ്യാഴാഴ്‌ച ഈ കേസ് ഹൈക്കോടതി പരിഗണിക്കാനിരിക്കുന്നതുകൊണ്ടാണ് ഇന്ന് വിചാരണക്കോടതി കേസ് മാറ്റി വച്ചത്. ഡിജിറ്റൽ തെളിവുകളുടെ ഫോറൻസിക് റിപ്പോർട്ട് ഇന്നുച്ചയോടെ ലഭിക്കും. അതോടെ ചോദ്യം ചെയ്യൽ കടുപ്പിക്കാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം. ഒരു വർഷത്തിനിടയിൽ പ്രതികൾ വിളിച്ച ഫോൺകോളുകളുടെ വിശദാംശങ്ങളും ക്രൈംബ്രാഞ്ച് സംഘത്തിന്റെ പക്കലുണ്ട്. ഇന്ന് രാത്രി എട്ട് മണിയോടെ ചോദ്യം ചെയ്യൽ അവസാനിക്കും.