മുൻ കേന്ദ്ര മന്ത്രി ആര്‍പിഎന്‍  സിംഗ് കോൺഗ്രസ് വിട്ടു, പാർട്ടി വിടുന്നത് താരപ്രചാരകൻ

Tuesday 25 January 2022 2:22 PM IST

ന്യൂ‌‌ഡൽഹി: മുൻ കേന്ദ്ര മന്ത്രി രതന്‍ജിത് പ്രതാപ് നരേണ്‍ സിംഗ് കോൺഗ്രസിൽ നിന്ന് രാജിവച്ചു. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കോൺഗ്രസ് പുറത്തിറക്കിയ താരപ്രചാരകരുടെ പട്ടികയിലുള്ള ആളാണ് ആര്‍പിഎന്‍ സിംഗ്. ഇന്ന് മൂന്നുമണിയോടെ അദ്ദേഹം ബിജെപിയിൽ ചേരും.

'ഇന്ന് ഈ സമയത്ത് നമ്മുടെ മഹത്തായ റിപബ്ലിക്കിന്റെ രൂപീകരണം നാം ആഘോഷിക്കുകയാണ്. ഞാന്‍ എന്റെ രാഷ്ട്രീയ യാത്രയില്‍ പുതിയ അദ്ധ്യായം ആരംഭിക്കുന്നു' എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്കയച്ച രാജിക്കത്തും ആര്‍പിഎന്‍ സിംഗ് ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. അടുത്തിടെ ബിജെപിയിൽ നിന്ന് രാജിവച്ച് എസ് പിയുടെ ഭാഗമായ പ്രസാദ് മൗര്യയ്ക്കെതിരെ ഖുഷിനഗറിലെ പദ്രൗണ നിയമസഭാ സീറ്റില്‍ ആര്‍പിഎന്‍ സിംഗ് മത്സരിക്കുമെന്ന റിപ്പോർട്ടുകളുണ്ട്. ഉത്തർപ്രദേശിലെ കോൺഗ്രസിന്റെ ഏറ്റവും പ്രമുഖ നേതാക്കളിൽ ഒരാളും ജാർഖണ്ഡ‌ിന്റെ ചുമതലക്കാരനുമായിരുന്നു ആര്‍പിഎന്‍ സിംഗ്.