ജനറൽ ബിപിൻ റാവത്തിന് പദ്മവിഭൂഷൺ, നാല് മലയാളികൾക്ക് പദ്മശ്രീ

Tuesday 25 January 2022 8:56 PM IST

ന്യൂഡൽഹി: തമിഴ്‌നാട്ടിൽ ഹെലികോപ്ടർ അപകടത്തിൽ കെല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന് പദ്മവിഭൂഷൺ പുരസ്കാരം. ജനറൽ ബിപിൻ റാവത്തടക്കം നാല് പേർക്ക് ഇത്തവണ പദ്‌മവിഭൂഷൺ നൽകും. മുൻ ഉത്ത‌ർപ്രദേശ് മുഖ്യമന്ത്രി കല്യാൺ സിംഗ്, ഉത്തർപ്രദേശ് സാഹിത്യകാരൻ രാധേയ്ശ്യാം ഖേംക, മഹാരാഷ്ട്രയിൽ നിന്ന് പ്രഭ ആത്രേ എന്നിവർക്കും ഇത്തവണ പദ്മവിഭൂഷൺ നൽകും. ജനറൽ ബിപിൻ റാവത്തിനെ പോലെ കല്യാൺ സിംഗിനും രാധേയ്ശ്യാം ഖേംകേയ്ക്കും മരണാനന്തര ബഹുമതിയായാണ് ബഹുമതി നൽകുക.

മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, സിപിഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യ എന്നിവർ അടക്കം 17 പേർക്ക് പദ്മഭൂഷൺ പുരസ്കാരമുണ്ട്. ഗൂഗിൾ സിഇഒ സുന്ദർ പിച്ചായി, സിറം ഇൻസ്റ്റിട്ട്യൂട്ടിന്റെ മാനേജിംഗ് ഡയറക്ടർ സൈറസ് പൂനെവാല എന്നിവർക്കും പദ്മഭൂഷൺ ലഭിച്ചിട്ടുണ്ട്. പദ്മശ്രീ ലഭിച്ചവരുടേതടക്കം 128 പുരസ്കാര ജേതാക്കളുടെ പേരുകൾ കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ചു.

വെച്ചൂർ പശുക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മലയാളിയായ ഡോ ശോശാമ്മ ഐപ്പിന് പദ്മശ്രീ പുരസ്കാരം ലഭിച്ചു. കവിയും നിരൂപകനുമായ പി നാരായണക്കുറുപ്പ്, സാമൂഹ്യ പ്രവ‌ർത്തക കെ വി റാബിയ, കായികരംഗത്ത് നിന്ന് ചുണ്ടയിൽ ശങ്കരനാരായണ മേനോൻ എന്നീ മലയാളികൾക്കും ബഹുമതി ലഭിച്ചു. നജ്മ അക്തർ, സോനു നിഗം എന്നിവർക്കും പദ്മശ്രീ ലഭിച്ചിട്ടുണ്ട്.