ദിലീപ് ഫോൺ മാറ്റി, പഴയത് ഹാജരാക്കാൻ നിർദേശം: 33 മണിക്കൂർ ചോദ്യം ചെയ്യൽ അവസാനിച്ചു

Tuesday 25 January 2022 9:21 PM IST

കൊച്ചി: പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെ ചോദ്യം ചെയ്യുന്നത് അവസാനിച്ചു. വധഭീഷണി കേസിനു പിന്നാലെ ദിലീപ് അടക്കം നാല് പ്രതികൾ ഫോൺ മാറ്റിയെന്ന് കണ്ടെത്തി. ദിലീപിന്റെ വീട്ടിൽനിന്നു പിടിച്ചെടുത്തത് പുതിയ ഫോൺ ആണ്. തെളിവുകൾ നശിപ്പിക്കാനാണ് ഫോൺ മാറ്റിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. അതേ സമയം, പഴയ ഫോൺ ഹാജരാക്കാൻ നോട്ടിസ് നൽകി

മൂന്നു ദിവസങ്ങളിലായി 33 മണിക്കൂറാണ് ആകെ ചോദ്യം ചെയ്തത്. ദിലീപ് അടക്കം അഞ്ച് പ്രതികളെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യാൻ മൂന്നു ദിവസമാണ് ഹൈക്കോടതി അനുവദിച്ചത്. പൊലീസ് റെയ്ഡിൽ പിടിച്ചെടുത്ത ചില ഡിജിറ്റൽ സാമഗ്രികളുടെ ഫൊറൻസിക് റിപ്പോർട്ട് ലഭിക്കാനുണ്ട്. ഇതുകൂടി ലഭിച്ച ശേഷമേ അന്വേഷണ പുരോഗതി വ്യക്തമാക്കാൻ സാധിക്കൂവെന്ന് ക്രൈംബ്രാഞ്ച് എസ്‌പി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം സംവിധായകൻ റാഫിയെയും ഇന്ന് സംവിധായകൻ വ്യാസൻ എടവനക്കാടിനെയും അന്വേഷണ സംഘം വിളിച്ചു വരുത്തിയിരുന്നു. ബാലചന്ദ്രകുമാർ നൽകിയ ശബ്‌ദ സാമ്പിളിൽ നിന്നും ദിലീപിന്റെ ശബ്‌ദം റാഫിയും വ്യാസനും തിരിച്ചറിഞ്ഞിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസിൽ സാക്ഷി വിസ്‌താരത്തിന് 10 ദിവസം കൂടി അനുവദിച്ചു. പ്രോസിക്യൂഷന്റെ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ നടപടി. പുതിയ സാക്ഷികളുടെ വിസ്‌താരം പത്ത് ദിവസത്തിനകം പൂർത്തിയാക്കണമെന്നായിരുന്നു കോടതിയുടെ നിർദേശം. എന്നാൽ ഇത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്.

സാക്ഷികളിൽ ചിലർ മറ്റ് സംസ്ഥാനങ്ങളിലാണെന്നും ഒരാൾ കൊവിഡ് ബാധിച്ച് ചികിത്സയിലാണെന്നും സർക്കാർ ഹർജിയിൽ ചൂണ്ടികാട്ടി. തുടർന്ന് സാക്ഷിവിസ്‌താരത്തിനായി ജനുവരി 27 മുതൽ പത്ത് ദിവസം കോടതി കൂടുതൽ അനുവദിക്കുകയായിരുന്നു. ജനുവരി 22നാണ് വിചാരണക്കോടതിയിൽ സാക്ഷിവിസ്‌താരം ആരംഭിച്ചത്.

Advertisement
Advertisement