കൊലക്കേസ് പ്രതി മരിച്ചുപോയെന്ന് വക്കീൽ കോടതിയിൽ, മരണസർട്ടിഫിക്കറ്റ് വാങ്ങാൻ വീട്ടിലെത്തിയ പൊലീസിന് മുന്നിൽ ജീവനോടെ പ്രതി

Tuesday 25 January 2022 11:26 PM IST

തിരുവനന്തപുരം: വിഴിഞ്ഞം സ്വദേശി റോബർട്ടിന്റെ കൊലപാതകകേസിൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽപോയ പ്രതി കൊല്ലപ്പെട്ടെന്ന് വക്കീൽ. ഈ വാദം അംഗീകരിച്ച് പ്രതിയുടെ മരണസർട്ടിഫിക്കറ്റ് സ്വീകരിക്കാൻ എത്തിയ വിഴിഞ്ഞം പൊലീസിന്റെ മുന്നിൽ ജീവനോടെ പ്രതി വന്ന് ചാടുകയും ചെയ്തു. തമിഴ്നാട് രാമനാഥപുരം സ്വദേശി സീനു മുഹമ്മദാണ് പൊലീസിന്റെ പിടിയിലകപ്പെട്ടത്. ഇയാൾക്ക് 60 വയസുണ്ട്.

2017ൽ വിഴിഞ്ഞം ഫിഷ് ലാൻഡിംഗ് സെന്ററിൽ മത്സ്യത്തൊഴിലാളികൾ തമ്മിൽ ഉറങ്ങുന്നതിന് കിടക്ക വിരിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തെ തുടർന്നാണ് വിഴിഞ്ഞം സ്വദേശിയായ റോബർട്ട് കൊല്ലപ്പെടുന്നത്. സീനു മുഹമ്മദിനെ കൂടാതെ ജോൺസൺ, മുഹമ്മദാലി എന്നിവരും കേസിൽ പ്രതികളായിരുന്നു. കേസിന്റെ വിചാരണക്കിടെ മൂവ‌ർക്കും ജാമ്യം ലഭിച്ചിരുന്നു. ഇതിൽ സീനു മുഹമ്മദ് ജാമ്യം ലഭിച്ച ശേഷം തമിഴ്‌നാട്ടിലേക്ക് കടന്നുകളയുകയും വിചാരണക്ക് പോലും ഹാജരാകാതെ ഇരിക്കുകയുമായിരുന്നു. കേസിലെ മറ്റ് പ്രതികളുമായി പോലും ഇയാൾക്ക് ബന്ധമുണ്ടായിരുന്നില്ല.

തുടർന്ന് സീനു മുഹമ്മദിനെ കോടതി വാറണ്ട് പുറപ്പെടുവിക്കുകയും ഇതിന്റെ അന്വേഷണത്തിനിടെ പ്രതി മരിച്ചുപോയെന്ന് വക്കീൽ കോടതിയിൽ അറിയിക്കുകയുമായിരുന്നു. കോടതി തെളിവ് ആവശ്യപ്പെട്ടതിനെ തുടർന്ന് മരണസ‌ട്ടിഫിക്കറ്റിന് വേണ്ടി പൊലീസ് ഇയാളുടെ വീട്ടിലെത്തിയപ്പോഴായിരുന്നു പ്രതി ജീവനോടെ മുന്നിൽ വന്നുചാടിയത്. സീനു മുഹമ്മദിനെ കോടതിയിൽ ഹാജരാക്കി.

Advertisement
Advertisement