അഞ്ചുവർഷം മുമ്പ് നടന്ന യുവതിയുടെ മരണം: പൊലീസ് വീണ്ടും അന്വേഷിക്കും

Wednesday 26 January 2022 1:53 AM IST

വിഴിഞ്ഞം: കല്ലുവെട്ടാൻകുഴിക്ക് സമീപത്തെ തുംബ്ലിയോട് സ്വദേശിനിയുടെ ദുരൂഹമരണത്തിൽ വിഴിഞ്ഞം പൊലീസ് അന്വേഷണം ഊർജിതമാക്കി. മുല്ലൂരിലെ വൃദ്ധയും മുട്ടയ്‌ക്കാട് ചിറയിൽ ബാലികയും കൊല്ലപ്പെട്ട കേസിൽ പ്രതിയായ റഫീക്കയെയും ഇവരുമായി അടുത്ത ബന്ധമുള്ള യുവാവിനെയും കഴിഞ്ഞദിവസം വിഴിഞ്ഞം പൊലീസ് ചോദ്യം ചെയ്‌തിരുന്നു.

വാട്ടർ അതോറിട്ടി ജീവനക്കാരിയായിരുന്ന വിജയലക്ഷ്‌മിയുടെ മരണമാണ് പൊലീസ് വീണ്ടും അന്വേഷിക്കുന്നത്. റഫീക്ക വാടകയ്‌ക്ക് താമസിച്ചിരുന്ന തുംബ്ലിയോട് ഭാഗത്തെ വീടിനടുത്താണ് യുവതിയുടെ വീട്. ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുകളുമുണ്ടായിരുന്നെന്ന് വിജയലക്ഷ്‌മിയുടെ വീട്ടുകാരും സമീപവാസികളും പൊലീസിന് വിവരം നൽകിയിരുന്നു. റഫീക്ക വാടകയ്‌ക്ക് താമസിച്ചിരുന്ന രണ്ടിടങ്ങളിലും കൊലപാതകം നടത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്റെ അന്വേഷണം.

സംശയത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് റഫീക്കയെ ചോദ്യം ചെയ്‌തിരുന്നെങ്കിലും താൻ വിജയലക്ഷ്മിയുടെ വീടിനടുത്ത് താമസിച്ചിരുന്നില്ലെന്നാണ് ആദ്യം മൊഴി നൽകിയത്. എന്നാൽ യുവാവാണ് ഇവർക്ക് വീടെടുത്ത് നൽകിയതെന്ന മൊഴിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ റഫീക്ക മാസങ്ങളോളം ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. വിജയലക്ഷ്മിയുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും ചോദ്യം ചെയ്യലിൽ റഫീക്ക സമ്മതിച്ചിരുന്നു.

റഫീക്കയുടെ അടുത്ത സുഹൃത്തായ യുവാവ് വിജയലക്ഷ്മിയുടെ പക്കൽ നിന്ന് 40,​000 രൂപ കടം വാങ്ങിയിരുന്നു. അടുത്ത ദിവസം വീടുപണിയുമായി പണം തിരികെ തരണമെന്നാവശ്യപ്പെട്ട് യുവാവിന്റെ വീട്ടിൽ പോയിരുന്നു. തിരികെ വരാൻ വൈകിയപ്പോൾ നടത്തിയ തെരച്ചിലിൽ വീടിന് സമീപത്തെ വഴിയിൽ മരിച്ചുകിടക്കുന്നതാണ് കണ്ടതെന്നാണ് വിജയലക്ഷ്‌മിയുടെ അമ്മ പൊലീസിന് മൊഴി നൽകിയത്.

എന്നാൽ താൻ പണം കടം വാങ്ങിയിട്ടില്ലെന്നും തനിക്ക് വീട് വാടകയ്‌ക്ക് എടുത്ത് തരുന്നതുമായി ബന്ധപ്പെട്ടാണ് വിജയലക്ഷ്‌മി വന്നിരുന്നതെന്നുമാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. മൊഴികളിലെ വൈരുദ്ധ്യത്തെ തുടർന്ന് പൊലീസ് കൂടുതൽ അന്വേഷണം നടത്തും. ലഭ്യമായ വിവരങ്ങൾ തുടരന്വേഷണം നടത്തുന്ന കോവളം പൊലീസിന് കൈമാറുമെന്നും വിഴിഞ്ഞം പൊലീസ് വ്യക്തമാക്കി.