പോക്സോ കേസിൽ യുവാവിന് 10 വർഷം കഠിന തടവും 3 ലക്ഷം രൂപ പിഴയും

Wednesday 26 January 2022 12:18 AM IST

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത യുവാവിന് 10 വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപാ പിഴയും കൊല്ലം ഫസ്​റ്റ് അഡീഷണൽ സെഷൻ കോടതി ജഡ്ജ് കെ.എൻ. സുജിത്ത് ശിക്ഷിച്ചു. തഴുത്തല സുബി ഭവനത്തിൽ സുബിൻ ബാബുവിനെയാണ് (23) ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം.

2017 ഫെബ്രുവരി 28ന് രാത്രിയിലായിരുന്നു സംഭവം. പതിനഞ്ചുകാരിയുടെ വീട്ടിലെത്തിയ ഇയാൾ ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടി പാരിപ്പളളി പൊലീസിൽ നൽകിയ പരാതിയിലാണ് കേസ് രജിസ്​റ്റർ ചെയ്തത്. പാരിപ്പളളി സബ് ഇൻസ്‌പെക്ടറായിരുന്ന ഉമറുൾ ഫറൂക്ക് ആണ് കേസിൽ പ്രാഥമിക അന്വേഷണം നടത്തിയത്. തുടർന്ന് അന്നത്തെ പരവൂർ സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന എസ്. ഷെരീഫ് ആണ് അന്വേഷണം പൂർത്തിയാക്കി കു​റ്റപത്രം സമർപ്പിച്ചത്. പ്രൊസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടർമാരായ അഡ്വ. സുഹോത്രൻ, അഡ്വ. സിസിൻ ജി. മുണ്ടയ്ക്കൽ, അഡ്വ. ​ടി.പി. സോജ തുളസീധരൻ എന്നിവരും പ്രൊസിക്യൂഷൻ സഹായികളായി എസ്.സി.പി.ഒമാരായ കെ.ജെ. ഷീബ, സുബാഷ് എന്നിവരുമാണ് ഹാജരായത്.