രാജ്യത്ത്  വീണ്ടും  മൂന്ന്   ലക്ഷത്തോളം   പുതിയ  കൊവിഡ്  രോഗികൾ;  ടിപിആറും  ഉയർന്നു 

Wednesday 26 January 2022 10:57 AM IST

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24മണിക്കൂറിനിടെ 2,85,914 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. മുൻ ദിവസത്തെ അപേക്ഷിച്ച് 11.7 ശതമാനം വർദ്ധനവാണ് രോഗികളുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ളത്. 2.55ലക്ഷം കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്.

നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 22,23,018ആണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.5 ശതമാനത്തിൽ നിന്നും 16.16 ശതമാനമായി ഉയർന്നു. 665പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 4,91,127 ആയി ഉയർന്നു. അതേസമയം രാജ്യത്തെ രോഗമുക്തി നിരക്ക് 93.23 ശതമാനമായി ഉയർന്നിരിക്കുകയാണ്.

അതേസമയം സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം അരലക്ഷം കടന്നതോടെ സാഹചര്യം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ദിവസം 55,475പേര്‍ക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളം 9405, തിരുവനന്തപുരം 8606, തൃശൂര്‍ 5520, എന്നിങ്ങനെയാണ് ഏറ്റവും കൂടുതൽ രോഗികൾ ഉള്ള ജില്ലകൾ. ഇനിയും രോഗികളുടെ എണ്ണം വർദ്ധിക്കുമെന്നാണ് ആരോഗ്യപ്രവർത്തകർ നൽകുന്ന സൂചന. സംസ്ഥാനമാകെ അഞ്ച് ലക്ഷത്തോളം പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം 100 ശതമാനം പേര്‍ക്കും ഒരു ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്.