ഞങ്ങൾ ഹിന്ദിയ്ക്ക് എതിരല്ല, എന്നാലത് അടിച്ചേൽപ്പിക്കാൻ നോക്കേണ്ടന്ന് എം കെ  സ്റ്റാലിൻ

Wednesday 26 January 2022 11:08 AM IST

ചെന്നൈ: മൊഴിപ്പോരിന്റെ പരിണിതഫലമായാണ് 1967ൽ അണ്ണാദുരൈ അധികാരത്തിൽ എത്തിയപ്പോൾ ദ്വിഭാഷാ നയം കൊണ്ടുവന്നതും സംസ്ഥാനത്തിന് തമിഴ്‌നാട് എന്ന് പേരിട്ടതുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മൊഴിപ്പോര് (ഭാഷകളുടെ പേരിലുള്ള യുദ്ധം) രക്തസാക്ഷികളെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന ഭാഷകളെ ദേശീയ ഭാഷകളായി പരിഗണിക്കുന്നതിനായി നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിനായുള്ള പരിശ്രമത്തിലാണ് ഞങ്ങൾ. ഞങ്ങൾ തമിഴ് ഭാഷ സംസാരിക്കുന്നവരാണ് എന്നതിനർത്ഥം ഇടുങ്ങിയ ചിന്താഗതിക്കാരാണ് എന്നതല്ല. ഹിന്ദിയ്ക്ക് മാത്രമല്ല ഒരു ഭാഷയ്ക്കും ഞങ്ങൾ എതിരല്ല. നമ്മൾ ഹിന്ദിയെ എതിർക്കുന്നില്ല, എന്നാൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നത് മാത്രമാണ് എതിർക്കുന്നതെന്ന് എം കെ സ്റ്റാലിൻ പറഞ്ഞു.

ഞങ്ങൾക്ക് തമിഴിനോട് താത്പര്യമുണ്ടെന്നത് മറ്റ് ഭാഷകളെ വെറുക്കുന്നു എന്നർത്ഥമാക്കുന്നില്ല. ഒരു ഭാഷ പഠിക്കുക എന്നത് ഒരു വ്യക്തിയുടെ താത്പര്യമാണ്. എന്നാൽ അതൊരിക്കലും അടിച്ചേൽപ്പിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദിയെ അടിച്ചേൽപ്പിക്കാൻ താത്പര്യപ്പെടുന്നവർ ആധിപത്യത്തിന്റെ പ്രതീകമാണ്. ഒരു മതം മാത്രമേ ഉണ്ടാകാൻ പാടുള്ളൂവെന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരത്തിൽ ഒരു ഭാഷ മാത്രമേ പാടുള്ളൂവെന്ന് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement
Advertisement