ഇയാളെന്തൊക്കെയോ മനസിൽ തോന്നിയ കാര്യങ്ങൾ പറയുന്നു അല്ലെങ്കിൽ എഴുതിവച്ച കാര്യങ്ങൾ പറയുന്നു, വി ഐ പി ഞാനല്ല; ദിലീപുമായി അടുത്ത സൗഹൃദമെന്ന് ശരത്ത്

Wednesday 26 January 2022 11:17 AM IST

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് വ്യവസായി ശരത്ത്. ബാലചന്ദ്രകുമാർ പറയുന്ന വി ഐ പി താനല്ലെന്നും, കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ശരത്ത് വ്യക്തമാക്കി. ദിലീപുമായി അടുത്ത സൗഹൃദമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദിലീപുമായി ഒന്നിച്ച ഗൾഫ് യാത്ര നടത്തിയിട്ടില്ലെന്നും, നടനുമായി ബിസിനസിൽ യാതൊരു പാർട്‌ണർഷിപ്പുമില്ലെന്നും ശരത്ത് വെളിപ്പെടുത്തി. താൻ ഒളിവിലല്ലെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. ദിലീപ് തെറ്റുകാരനല്ലെന്ന് പൂർണബോദ്ധ്യമുണ്ടെന്നും ശരത്ത് കൂട്ടിച്ചേർത്തു. 'ബാലചന്ദ്രകുമാർ എന്താ പറയുന്നതെന്ന് എനിക്കറിയില്ല. ആവശ്യമില്ലാതെ ഇല്ലാത്ത കാര്യം പറയുകയാണ്. എനിക്ക് അതുമായിട്ട് ഒരു ബന്ധവും ഇല്ല. അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തട്ടേ. ഇക്ക എന്നൊന്നും ഉദ്ദേശിക്കുന്നത് എന്നെയല്ല. അഞ്ച് കൊല്ലം മുൻപൊക്കെ ഉള്ള കാര്യം ആലോചിച്ചിരിക്കാൻ പറ്റുവോ. ഇയാളെന്തൊക്കെയോ മനസിൽ തോന്നിയ കാര്യങ്ങൾ പറയുന്നു അല്ലെങ്കിൽ എഴുതിവച്ച കാര്യങ്ങൾ പറയുന്നു. ഇയാൾ എന്തൊക്കെയാ പറയുന്നത് എന്നതിനെക്കുറിച്ച് നമുക്ക് വ്യക്തമായി അറിയില്ല.'-ശരത്ത് പറഞ്ഞു.

അതേസമയം വധഗൂഢാലോചന നടത്തിയ കേസ് രജിസ്റ്റർ ചെയ്തിനുപിന്നാലെ ദിലീപടക്കം നാലുപ്രതികൾ മൊബൈൽ ഫോൺ മാറ്റിയെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ അറിയിച്ചു. തെളിവുകൾ നശിപ്പിക്കാനാണ് പ്രതികൾ ഫോൺ മാറ്റിയതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

തെളിവുകൾ ശേഖരിക്കാൻ വേണ്ടി പ്രതികളോട് ക്രൈംബ്രാഞ്ച് മൊബൈൽ ഫോണുകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇവർ പുതിയ ഫോണുകൾ കൈമാറിയതിലൂടെ കബളിപ്പിക്കാനുള്ള നീക്കമാണ് നടത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

പഴയ ഫോൺ ഹാജരാക്കാൻ പ്രതികൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. പരിശോധനയിൽ പിടിച്ചെടുത്ത ചില ഡിജിറ്റൽ സാമഗ്രികളുടെ ഫൊറൻസിക് റിപ്പോർട്ട് കിട്ടാനുണ്ട്. ഇതുകൂടി കിട്ടിയ ശേഷം മാത്രമേ അന്വേഷണ പുരോഗതി വ്യക്തമാക്കാൻ കഴിയുകയുള്ളൂവെന്ന് ക്രൈംബ്രാഞ്ച് എസ്.പി. മോഹനചന്ദ്രൻ അറിയിച്ചു.

കേസിൽ ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജും അടക്കമുള്ള പ്രതികളുടെ ചോദ്യം ചെയ്യൽ കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. മൂന്നു ദിവസങ്ങളിലായി 33 മണിക്കൂറാണ് പ്രതികളെ ചോദ്യം ചെയ്തത്. റിപ്പോർട്ട് നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും. അതിനുശേഷമായിരിക്കും പ്രതികളുടെ ജാമ്യാപേക്ഷയിൽ തീരുമാനമുണ്ടാകുക.