ക്രിസ്തുമതം സ്വീകരിച്ചില്ല; ഹിന്ദു ദൈവങ്ങളെ ആരാധിച്ചാൽ നരകത്തിൽ പോകും, യുവാവിനെ  കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി  ഭാര്യാബന്ധുക്കൾ

Wednesday 26 January 2022 1:43 PM IST

ചിത്രദുർഗ: തന്നെ നിർബന്ധിച്ച് മതം മാറാൻ ഭാര്യാബന്ധുക്കൾ പ്രേരിപ്പിച്ചു എന്ന ആരോപണവുമായി യുവാവ് പൊലീസിൽ പരാതി നൽകി. ഭാര്യാപിതാവിനും മറ്റ് ബന്ധുക്കൾക്കും എതിരെയാണ് മാറപ്പ എന്ന യുവാവ് പരാതി നൽകിയത്. ഭാര്യ സരളയെയും കുഞ്ഞിനെയും കാണണമെങ്കിൽ ക്രിസ്ത്യൻ മതത്തിലേയ്ക്ക് മാറണമെന്നാണ് യുവാവിനോട് ഭാര്യയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടത്. മതപരിവർത്തനം നടത്തുന്നതിനായി ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ചെയ്തുവെന്നും യുവാവ് പൊലീസിനോട് പറഞ്ഞു.

2020 ജൂലായ് ആറിനാണ് ഇവരുടെ വിവാഹം നടക്കുന്നത്. അന്ന് വിശുദ്ധ വെള്ളത്തിൽ മുങ്ങാൻ ഭാര്യയുടെ ബന്ധുക്കൾ നിർബന്ധിക്കുകയും അന്നു മുതൽ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തതായി അവർ പ്രഖ്യാപിക്കുകയുമായിരുന്നു. ശേഷം ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ ആരാധിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതികൾ ചിത്രങ്ങൾ കീറി കത്തിക്കുകയും ചെയ്തിരുന്നതായും യുവാവ് പരാതിയിൽ പറയുന്നു. ഹിന്ദു ദൈവങ്ങളെ ആരാധിച്ചാൽ നരകത്തിൽ പോകുമെന്ന് അവർ പറഞ്ഞതായും യുവാവ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഡിസംബർ രണ്ടിനാണ് ഗർഭാവസ്ഥയിലായിരുന്ന ഭാര്യയെ മാതാപിതാക്കളുടെ വീട്ടിലേക്ക് മാറപ്പ അയച്ചത്. പിന്നീട് കുഞ്ഞിനെ കാണാൻ ബന്ധുക്കൾ അനുവദിച്ചിരുന്നില്ലെന്നും മറ്റുള്ളവരിൽ നിന്നാണ് താൻ കുഞ്ഞിനെപ്പറ്റി അറിഞ്ഞതെന്നും യുവാവ് പരാതിയിൽ പറയുന്നു. കുഞ്ഞിനെ കാണാൻ പോയ മാറപ്പയുടെ ബന്ധുക്കളെയും കാണാൻ അനുവദിച്ചിരുന്നില്ല.

സരളയുടെ പിതാവ് വസന്തകുമാർ, മുത്തച്ഛൻ രാമചന്ദ്രപ്പ, ബന്ധുക്കളായ സുധാകർ, മഞ്ജുനാഥ്, സങ്കപ്പ എന്നിവർക്കെതിരെയാണ് മാറപ്പ പരാതി നൽകിയത്. മതവികാരം വ്രണപ്പെടുത്തിയ കുറ്റത്തിന് പ്രതികൾക്കെതിരെ നടപടിയെടുക്കണമെന്നും ഭാര്യയെയും കുട്ടിയെയും തന്റെ കൂടെ അയക്കണമെന്നും മാറപ്പ പരാതിയിൽ ആവശ്യപ്പെട്ടു. വിഷയത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.