കാണാതായ പതിനേഴുകാരനെ തിരികെ ഏൽപ്പിച്ചു; അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ചൈനയുടെ പുതിയ നീക്കം സംശയാസ്പദം

Thursday 27 January 2022 3:54 PM IST

ന്യൂഡൽഹി: അരുണാചൽപ്രദേശിലെ അതിർത്തിക്കടുത്തു നിന്ന് കാണാതായ കൗമാരക്കാരനെ ചൈന കണ്ടെത്തി ഇന്ത്യൻ സൈന്യത്തെ തിരികെ ഏൽപ്പിച്ചതായി കേന്ദ്ര മന്ത്രി കിരൺ റിജ്ജിജു അറിയിച്ചു. ചൈനീസ് പട്ടാളം അരുണാചൽ പ്രദേശിൽ നിന്ന് കാണാതായ മിറാം തരോണിനെ ഇന്ത്യൻ സേനയ്ക്ക് കൈമാറിയെന്നും വൈദ്യപരിശോധന ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ തുടരുകയാണെന്നും മന്ത്രി സമൂഹമാദ്ധ്യമത്തിലൂടെ അറിയിക്കുകയായിരുന്നു.

ചൈനയുടെ പീപ്പിൾ ലിബറേഷൻ ആർമി (പിഎൽഎ) തരോണിനെ കണ്ടെത്തിയെന്നും ഇന്ത്യയിലേയ്ക്ക് തിരിച്ചയക്കുമെന്നും മുൻപ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ മലയോര മേഖലയിലെ പ്രതികൂല കാലാവസ്ഥയെത്തുടർന്ന് നടപടിക്രമങ്ങളിൽ കാലതാമസം നേരിട്ടു.

കഴിഞ്ഞ ജനുവരി 18നാണ് അരുണാചൽ പ്രദേശിലെ അതിർത്തിയിൽ നിന്ന് പതിനേഴുകാരനെ കാണാതാവുന്നത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തായ ജോണി യുങാണ് പതിനേഴുകാരനെ ചൈനീസ് പട്ടാളം പിടികൂടിയെന്ന് ഇന്ത്യൻ സൈനികരെയും പതിനേഴുകാരന്റെ കുടുംബത്തെയും അറിയിച്ചത്. ഇരുവരും അതിർത്തിക്കടുത്തുള്ള സിയാംഗ്ള എന്ന പ്രദേശത്ത് നായാട്ടിൽ ഏർപ്പെട്ടിരിക്കവേ ചൈനീസ് പട്ടാളം മിറാം തരോണിനെ പിടികൂടുകയായിരുന്നു എന്നാണ് സുഹൃത്ത് വെളിപ്പെടുത്തിയത്.. ജോണി യുങിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. തുട‌ർന്ന് ഇയാൾ അടുത്തുള്ള ചെക്ക് പോസ്റ്റിലുണ്ടായിരുന്ന ഇന്ത്യൻ പട്ടാളത്തെ വിവരമറിയിച്ചു. തുടർന്ന് ജനുവരി 18ന് ഇന്ത്യൻ പട്ടാളം പതിനേഴുകാരനെ കണ്ടെത്തുന്നതിനായും പിടികൂടിയെങ്കിൽ മോചിപ്പിക്കാനും ചൈനയോട് അഭ്യർത്ഥിച്ചു. പിന്നാലെ ജനുവരി 23ന് മിറാം തരോണിനെ കണ്ടെത്തിയതായി ചൈന അറിയിക്കുകയായിരുന്നു.

ചൈനയുമായി അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന പ്രദേശമാണ് അരുണാചൽ പ്രദേശിലെ അപ്പർ സിയാങ് ജില്ല. ഇവിടെ താമസിക്കുന്നവർ പലപ്പോഴും വേട്ടയാടുന്നതിനായി ഉൾപ്രദേശങ്ങളിലേയ്ക്ക് പോകാറുണ്ട്. പതിനേഴുകാരൻ അനധികൃതമായി ചൈനീസ് ടെറിട്ടറിയിലേയ്ക്ക് പ്രവേശിക്കുകയായിരുന്നെന്ന് ചൈന അവകാശപ്പെട്ടതായി അന്താരാഷ്ട്ര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ആയുർവേദ മരുന്നുകൾ ശേഖരിക്കുന്നതിനായി പുറപ്പെട്ട ഒരാൾ വഴിതെറ്റിയെന്നും കണ്ടെത്താൻ സഹായിക്കണമെന്നും പി എൽ എയോട് ഇന്ത്യൻ സൈന്യം അഭ്യർത്ഥിച്ചതിന് പിന്നാലെ ചൈനീസ് പട്ടാളം ഇയാളെ കണ്ടെത്തുകയായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്.