ജില്ലാതല റിപ്പബ്ലിക് ദിനാഘോഷം അവകാശങ്ങൾക്കു മേലുള്ള കടന്നുകയറ്റം വർദ്ധിക്കുന്നു: മന്ത്രി വി.അബ്ദുറഹ്മാൻ

Thursday 27 January 2022 9:29 PM IST

കൽപ്പറ്റ: അവകാശങ്ങൾക്കു മേലുള്ള കടന്നുകയറ്റം വർദ്ധിച്ചുവരുന്നത് ആശങ്കാജനകമാണെന്ന് സംസ്ഥാന കായിക വഖഫ് ഹജ്ജ് വകുപ്പു മന്ത്രി വി.അബ്ദുറഹ്മാൻ പറഞ്ഞു. 73ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കൽപ്പറ്റ എസ്.കെ.എം.ജെ സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ജില്ലാതല പരിപാടിയിൽ റിപ്പബ്ലിക്ദിന സന്ദേശം നൽകി സംസാരിക്കുകയായിരുന്നു മന്ത്രി.

വൈവിധ്യം നിലനിൽക്കുന്ന രാജ്യത്തെ ഒരുമിപ്പിച്ചു നിർത്തുന്ന പ്രധാന ഘടകം വൈവിധ്യത്തെ അംഗീകരിക്കുന്ന ഫെഡറൽ സത്തയാണ്. എന്നാൽ ആ വൈവിധ്യം ഇല്ലാതാക്കാനുള്ള നീക്കങ്ങളാണ് കാണുന്നത്.

ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളും ആശയങ്ങളും എത്രത്തോളം പ്രാവർത്തികമാക്കാൻ സാധിച്ചിട്ടുണ്ട് എന്നു പരിശോധിക്കാനുള്ള അവസരമാണ് റിപ്പബ്ലിക് ദിനാഘോഷമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്ത് ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണം 3 ലക്ഷത്തിനു മുകളിലാണ്. ജാതിയുടെ പേരിൽ ദുർബലരും നിസ്സഹായരുമായ പൗരന്മാർക്ക് നീതി നിഷേധിക്കപ്പെടുന്നതിന്റെ റിപ്പോർട്ടുകൾ തുടർച്ചയായി നാം കാണുന്നു.

രാജ്യത്തിന്റെ ചരിത്രം തന്നെ വളച്ചൊടിക്കുകയാണെന്നും പാഠപുസ്തകത്തിലൂടെ വർഗീയതയും വ്യാജചരിത്രവും പ്രചരിപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നതായും മന്ത്രി പറഞ്ഞു.

ചടങ്ങിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശമുണ്ടായിരുന്നില്ല. ജില്ലാ കളക്ടർ എ.ഗീത, ജില്ലാ പൊലീസ് മേധാവി ഡോ.അരവിന്ദ് സുകുമാർ എന്നിവരും അഭിവാദ്യം സ്വീകരിച്ചു. പുൽപ്പള്ളി സ്റ്റേഷനിലെ ഇൻസ്‌പെക്ടർ എ.അനന്തകൃഷ്ണയായിരുന്നു പരേഡ് കമാൻഡർ. എം.എൽ.എമാരായ ടി.സിദ്ദിഖ്, ഒ.ആർ.കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, കൽപ്പറ്റ നഗരസഭാ ചെയർമാൻ കേയംതൊടി മുജീബ്, സബ് കലക്ടർ ആർ. ശ്രീലക്ഷ്മി, എ.ഡി.എം എൻ.ഐ ഷാജു, ഡെപ്യൂട്ടി കലക്ടർ കെ.അജീഷ്, നടൻ അബുസലീം തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement