പള്ളിക്കൽ, കല്ലമ്പലം മേഖലകളിൽ ലഹരി ഉപയോഗവും വർദ്ധിക്കുന്നു

Friday 28 January 2022 12:50 AM IST

കല്ലമ്പലം: പള്ളിക്കൽ, കല്ലമ്പലം മേഖലകളിൽ ലഹരി ഉപയോഗവും പീഡനവും വർദ്ധിക്കുന്നു. ലഹരി ഉപയോഗത്തിലും പീഡനത്തിലും ഇരയാകുന്നതിൽ കൂടുതലും 18 വയസിൽ താഴെയുള്ളവരാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ചും ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ച കേസിൽ കുടവൂർ സ്വദേശികളായ മൂന്ന് പേർ അറസ്റ്റിലായത് 15 ദിവസത്തിന് മുൻപാണ്.

പള്ളിക്കൽ കൊക്കോട്ടുകോണത്ത് അടുത്തിടെ 19 കാരൻ അറസ്റ്റിലായത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ മൊബൈൽഫോണിലൂടെ വശീകരിച്ച് പീഡിപ്പിക്കാൻ ശ്രമം നടത്തിയതിനാണ്.

13 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ രണ്ടാനച്ഛനെ പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന് മനസിലായത്. കല്ലമ്പലം മുത്താനയിൽ 22 കാരിയെ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത കേസിൽ രണ്ടു പേരാണ് പിടിയിലായത്. 13 കാരിയെ പീഡിപ്പിച്ച നാവായിക്കുളം ഗ്രാമപഞ്ചായത്ത് അംഗവും സുഹൃത്തും അറസ്റ്റിലായത് ആറ് മാസത്തിന് മുൻപാണ്.

മടവൂരിൽ അനധികൃതമായി വിദേശമദ്യം വാങ്ങി സൂക്ഷിച്ച് വില്പന നടത്തിവന്ന മദ്ധ്യവയസ്കനെ പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തത് ഒരുമാസം മുൻപാണ്. നാവായിക്കുളത്ത് പെട്ടിക്കട നടത്തുകയായിരുന്ന വയോധികനിൽ നിന്ന് നിരോധിത പുകയില ഉല്പന്നങ്ങൾ കല്ലമ്പലം പൊലീസ് പിടികൂടിയതാണ് ഒടുവിലത്തെ സംഭവം.

അയിരൂർ, ഊന്നിൻമൂട് ഭാഗങ്ങൾ കേന്ദ്രീകരിച്ച് ഇരുചക്ര വാഹനത്തിൽ കറങ്ങി നടന്ന് കഞ്ചാവ് വില്പന നടത്തുന്ന പാരിപ്പള്ളി കരിമ്പാലൂർ സ്വദേശി ഷിബുമോനെ പിടികൂടുന്നതിനിടയിൽ എക്സൈസ് ഓഫീസർക്ക് പരിക്കേറ്റിരുന്നു. ഇയാളിൽ നിന്ന് നിരവധി വിദ്യാർത്ഥികളും യുവാക്കളും സ്ഥിരമായി കഞ്ചാവ് വാങ്ങിയിരുന്നു.

കല്ലമ്പലം നാറാണത്ത്ചിറയ്ക്ക് സമീപവും വെട്ടിയറ സ്കൂളിന് സമീപവും കുടവൂർ കുളത്തിന് സമീപവും ലഹരി ഉപയോഗവും വില്പനയും തകൃതിയാണ്. ലഹരി ഉപയോഗത്തിന് അടിമയാകുന്നവരാണ് ഏറെയും പീഡനങ്ങളിലും മോഷണക്കേസുകളിലും പ്രതികളാകുന്നത്. ഏഴു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന അന്തർ സംസ്ഥാന കുറ്റവാളി പാരിപ്പള്ളി സ്വദേശി പള്ളിക്കൽ പൊലീസിന്റെ പിടിയിലായത് രണ്ടുദിവസം മുൻപാണ്. നാൽപ്പതോളം കേസുകളാണ് വിവിധ സ്റ്റേഷൻ പരിധിയിൽ ഇയാളുടെ പേരിലുള്ളത്. സ്ഥിരം മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണ്‌ ഈ 24 കാരനെന്ന് പൊലീസും സാക്ഷ്യപ്പെടുത്തുന്നു. മയക്കുമരുന്ന് ഉപയോഗത്തിനെതിരെ എക്സൈസിന്റെയും പൊലീസിന്റെയും പരിശോധന ഈ മേഖലകളിൽ ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Advertisement
Advertisement