കൊവിഡിനിടയിലും വർണാഭമായി റിപ്പബ്ലിക് ദിനാഘോഷം

Friday 28 January 2022 12:14 AM IST

ന്യൂഡൽഹി: കൊവിഡ് മൂന്നാം തരംഗത്തിനിടയിലും രാജ്യം പ്രൗഢഗംഭീരമായി 73-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ദേശീയ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരമർപ്പിച്ചതോടെ ആഘോഷങ്ങൾക്ക് ഔദ്യോഗികമായി തുടക്കമായി. പാരമ്പര്യം വിളിച്ചോതുന്ന ബ്രഹ്മകമലം ആലേഖനം ചെയ്ത ഉത്തരാഖണ്ഡ് തലപ്പാവും മണിപ്പൂരി സ്റ്റൈൽ ഷാളുമണിഞ്ഞ പ്രധാനമന്ത്രിയുടെ വേഷം ശ്രദ്ധേയമായി. ഇക്കുറിയും വിശിഷ്ടാതിഥികളുണ്ടായിരുന്നില്ല.

രാവിലെ 10.30ന് രാജ്പഥിൽ നിന്ന് റിപ്പബ്ലിക് ദിന പരേഡ് ആരംഭിച്ചു. രാഷട്രപതി രാംനാഥ് കോവിന്ദ് സല്യൂട്ട് സ്വീകരിച്ചു. ലഫ്റ്റനന്റ് ജനറൽ വിജയ് കുമാർ മിശ്രയായിരുന്നു പരേഡ് കമാൻഡർ. 90 മിനിട്ട് നീണ്ട പരേഡിൽ സേനയുടെ പുതിയ യൂണിഫോമണിഞ്ഞ പാരാച്യൂട്ട് കമാൻഡോകളും കുതിരപ്പടയാളികളും ടാങ്കുകളും ഇൻഫൻട്രി കോംബാറ്റ് വാഹനങ്ങളും പീരങ്കികളും മിസൈലുകളും അണിനിരന്നു.

25 നിശ്ചല ദൃശ്യങ്ങൾ അണിനിരന്ന പരേഡിൽ 480 കലാകാരന്മാർ പങ്കെടുത്ത വന്ദേ ഭാരത് നൃത്ത പരിപാടി ഏറെ ആകർഷകമായി. കോഴിക്കോട് സ്വദേശിനിയും ഡൽഹിയിലെ പ്രശസ്ത ഭരതനാട്യകലാകാരിയുമായ ജയപ്രഭാ മേനോന്റെ സംഘവും വന്ദേ ഭാരത് പരിപാടിയിൽ ഭരതനാട്യം അവതരിപ്പിച്ചു. 75 വിമാനങ്ങളുടെ ഫ്ലൈപാസ്റ്റും ആഘോഷത്തെ ആവേശഭരിതമാക്കി. ഇതാദ്യമായാണ് ഇത്രയും വിമാനങ്ങൾ ഒന്നിച്ച് പരേഡിനെത്തുന്നത്.

വയനാട്ടിലെ കാട്ട് നായ്ക്ക വിഭാഗത്തിൽ നിന്നുള്ള പി.കെ. സുനീഷ് കേരളത്തിൽ നിന്നുള്ള എട്ട് എൻ.എസ്.എസ് വോളണ്ടിയേഴ്സിലൊരാളായി പങ്കെടുത്തു. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസി സ്വദേശിനിയായ ശിവാംഗിയാണ് ഇത്തവണ വ്യോമസേനയുടെ നിശ്ചല ദൃശ്യത്തിന്റെ ഭാഗമായ സൈനിക. രാജ്യത്തെ ആദ്യ വനിതാ റാഫേൽ യുദ്ധവിമാന പൈലറ്റാണ് ശിവാംഗി.

Advertisement
Advertisement