തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ ബഡ്ജറ്റ് ജനപ്രിയമാകും

Friday 28 January 2022 12:22 AM IST

ന്യൂഡൽഹി: നാല് ദിവസങ്ങൾക്ക് ശേഷം അവതരിപ്പിക്കുന്ന കേന്ദ്ര ബഡ്ജറ്റ് കൂടുതൽ ജനപ്രിയ ബഡ്ജറ്റായി മാറിയേക്കും. അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ അവതരിപ്പിക്കുന്ന ബഡ്ജറ്റ് സമൂഹത്തിൽ താഴെ തട്ടിൽ പണമെത്തിക്കുന്ന തരത്തിലാകുമെന്ന് കരുതുന്നു. ഗ്രാമീണ മേഖലയിലെ പദ്ധതികൾക്ക് മുൻഗണനയുണ്ടാകും.

തിരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബ്, യു.പി, മണിപ്പൂർ സംസ്ഥാനങ്ങൾക്ക് റോഡ്, റെയിൽവെ, ആരോഗ്യ പദ്ധതികൾ ലഭിച്ചേക്കാം. ഗോവയിൽ തുറമുഖങ്ങൾക്കായി വൻ പദ്ധതിക്കും സാദ്ധ്യതയുണ്ട്.

നിലവിലെ കൊവിഡ് തരംഗവും പണപ്പെരുപ്പവും കണക്കിലെടുത്ത് സാമ്പത്തിക വളർച്ചയ്ക്ക് പ്രഥമ പരിഗണന നൽകിയേക്കും. മാസ ശമ്പളക്കാർ, ആരോഗ്യ ഇൻഷ്വറൻസ് മേഖല, ഇലക്ട്രിക് വാഹനമേഖല തുടങ്ങിയ രംഗങ്ങൾക്ക് സഹായകരമാകുന്ന പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും. ക്രിപ്റ്റോ കറൻസിയെ സംബന്ധിച്ച പുതിയ നിയമം അവതരിപ്പിക്കും.

നിർമ്മാണമേഖല ശക്തിപ്പെടുത്താൻ ഭവന വായ്പകൾക്കുള്ള ആദായ നികുതി പരിധി ഉയർത്തുമെന്ന് കരുതുന്നു. പ്രതീക്ഷിച്ചതിൽ കൂടുതൽ നികുതി വരുമാനമുണ്ടായ പശ്ചാത്തലത്തിൽ വിപണികളെ തൃപ്തിപ്പെടുത്തുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകും. ഐ.ടി മേഖലയിൽ മുന്നേറ്റമുണ്ടാക്കാനുള്ള പദ്ധതിയുണ്ടാകും.

സ്വകാര്യ നിക്ഷേപം വർദ്ധിപ്പിക്കാനായി പ്രോത്സാഹന പദ്ധതികൾ പ്രഖ്യാപിച്ച് തൊഴിലില്ലായ്മ കുറയ്ക്കാനുള്ള നീക്കവും ബഡ്ജറ്റിൽ പ്രതീക്ഷിക്കാം.

Advertisement
Advertisement