ക്ഷീരപഥത്തിൽ അജ്ഞാത വസ്തുവിനെ കണ്ടെത്തി ഗവേഷകർ

Friday 28 January 2022 2:24 AM IST

കാൻബെറ : നമ്മുടെ ഭൂമിയും മറ്റ് ഗ്രഹങ്ങളും സൂര്യനുമടങ്ങുന്ന സൗരയൂഥത്തെ ഉൾക്കൊള്ളുന്ന ഗാലക്സിയാണ് ക്ഷീരപഥം അഥവാ മിൽക്കീവേ. മനുഷ്യന് കണ്ടെത്താനാകാത്ത അനന്തമായ ഒരുപാട് പ്രപഞ്ച രഹസ്യങ്ങൾ ക്ഷീരപഥത്തിൽ മറഞ്ഞിരിക്കുന്നു. അവയുടെ ചുരുളഴിക്കാനുള്ള ഗവേഷണങ്ങൾ ശാസ്ത്രലോകം തുടരുന്നു. ഇപ്പോഴിതാ ക്ഷീരപഥത്തെ സംബന്ധിച്ച ഒരു കണ്ടെത്തൽ ശാസ്ത്രലോകത്തെ മുഴുവൻ അമ്പരപ്പിച്ചിരിക്കുകയാണ്. മുമ്പെങ്ങും കണ്ടിട്ടില്ലാത്ത തരം ഒരു അജ്ഞാത വസ്തുവിനെ തങ്ങൾ ക്ഷീരപഥത്തിൽ കണ്ടെത്തിയെന്നാണ് ഓസ്ട്രേലിയൻ ശാസ്ത്രജ്ഞർ പറയുന്നത്. സ്വയം ഭ്രമണം ചെയ്യുന്ന ഈ വസ്തുവിനെ ആദ്യം കണ്ടെത്തിയത് കർട്ടിൻ യൂണിവേഴ്സിറ്റിയിലെ ഗവേഷണ വിദ്യാർത്ഥിയായ ടൈറോൺ ഓഡോഹെർറ്റി ആണ്. എല്ലാ 18 മിനിറ്റ് വ്യത്യാസത്തിലും ഒരു മിനിറ്റ് ദൈർഘ്യത്തിൽ ഈ വസ്തു അതീവ ശക്തിയോടെ റേഡിയോ തരംഗങ്ങൾ പുറത്തുവിടുന്നുണ്ട്. പ്രപഞ്ചത്തിൽ ഊർജം പുറത്തുവിടുന്ന വസ്തുക്കളെ ഇതിന് മുമ്പും രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഒരു മിനിറ്റോളം സമയം അതിശക്തമായി ഊർജം പുറപ്പെടുവിക്കുന്ന ഒരു വസ്തു വളരെ അസാധാരണമാണെന്ന് ഗവേഷകർ പറയുന്നു. അജ്ഞാത വസ്തു എന്താണെന്ന് കണ്ടെത്താനുള്ള ഗവേഷണങ്ങൾ തുടരുകയാണ്.

തങ്ങൾ നിരീക്ഷിക്കുന്നതിനിടെ ഏതാനും മണിക്കൂറുകൾക്കിടെ പല തവണ ഈ അജ്ഞാത വസ്തു അപ്രത്യക്ഷമാവുകയും വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്തെന്ന് പെർത്ത് ആസ്ഥാനമായുള്ള ഇന്റർനാഷണൽ സെന്റർ ഫോർ റേഡിയോ ആസ്ട്രോണമി റിസേർച്ചിലെ ഗവേഷകർ പറയുന്നു. ഭൂമിയിൽ നിന്ന് 4,000 പ്രകാശ വർഷം അകലെയുള്ള ഈ വസ്തു അതീവ പ്രകാശഭരിതവും അതിശക്തമായ കാന്തിക മണ്ഡലത്തോടുകൂടിയതുമാണ്. ഈ വസ്തു എന്താണെന്ന് ഇതുവരെ വ്യക്തമല്ലെങ്കിലും ഒരു ന്യൂട്രോൺ നക്ഷത്രമോ പരിണാമത്തിന്റെ അന്ത്യത്തിൽ എത്തിച്ചേരുന്ന അവസ്ഥയിലുള്ള വെള്ളക്കുള്ളൻ ( വൈറ്റ് ഡ്വാർഫ് ) നക്ഷത്രമോ ആകാമെന്ന് ഏതാനും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

Advertisement
Advertisement