മുഖ്യമന്ത്രിയെ രക്ഷിക്കാൻ വേണ്ടിയാണ് ലോകായുക്തയിൽ ഭേദഗതി വരുത്തുന്നത്; കോടിയേരി ആദ്യം കാനത്തിന് മറുപടി നൽകട്ടെയെന്ന് വി ഡി സതീശൻ

Friday 28 January 2022 12:45 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ വേണ്ടി മാത്രമാണ് ഭേദഗതി കൊണ്ടുവരുത്തുന്നതെന്നും ലോകായുക്ത നിയമം ഭേദഗതി ചെയ്യുന്നതിൽ കോടിയേരിയുടെ ലേഖനം പുതിയ വ്യാഖ്യാനമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ലോകായുക്ത നിയമം പാസാക്കിയത് നിയമസഭയാണ്. ലോകായുക്ത നിയമത്തിന് രാഷ്ട്രപതിയുടെ അനുമതി കിട്ടിയതാണ്. അതിനാൽ ഭേദഗതി വരുമ്പോൾ രാഷ്ട്രപതിയുടെ അനുമതിക്ക് അയക്കണം.

നിയമസഭ ചർച്ച ചെയ്തു തള്ളിയ കാര്യമാണ് ഭേദഗതിയിലൂടെ ഇപ്പോൾ സർക്കാർ കൊണ്ടു വരാൻ ശ്രമിക്കുന്നത്. 22 വർഷമായി ഇടതുമുന്നണി പറയാത്ത കാര്യമാണ്. മുഖ്യമന്ത്രിയെ കുറിച്ചുള്ള കേസ് വന്നപ്പോഴാണ് ഇതിലെ ഭരണഘടനാവിരുദ്ധതയെ കുറിച്ച് സർക്കാർ ആലോചിക്കുന്നത്.

ഈ കേസിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയിട്ടാണ് ലോകായുക്തയെ ദുർബലപ്പെടുത്തുന്ന ഓർഡിൻസുമായി ഇപ്പോൾ വരുന്നത്. കാനം രാജേന്ദ്രൻ ആദ്യമേ തന്നെ ഓർഡിൻസ് കൊണ്ടു വരുന്നതിലെ ദുരൂഹത വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. കോടിയേരി സ്വന്തം മുന്നണിയിൽപ്പെട്ട കാനം രാജേന്ദ്രന് ആദ്യം മറുപടി കൊടുക്കട്ടെ എന്നും സതീശൻ പറഞ്ഞു.

കെ റെയിലിനെ എതിർക്കുന്ന സാംസ്‌കാരിക പ്രവർത്തകർക്കെതിരെ സി.പി.എം സൈബർ ആക്രമണം നടത്തുകയാണ്. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ സംഘ്പരിവാറും കേരളത്തിലെ കമ്മ്യൂണിസ്റ്റുകളും തമ്മിൽ എന്താണ് വ്യത്യാസമെന്ന് അദ്ദേഹം ചോദിച്ചു. സാംസ്‌കാരിക പ്രവർത്തകരുടെയും എഴുത്തുകാരുടെയും ചരിത്രം പരിശോധിച്ച് ഉത്തരവാദിത്തപ്പെട്ട ആളുകൾ പോലും വ്യക്തിപരമായി അക്രമിക്കുകയാണ്. ഇത് സ്റ്റാലിനിസ്റ്റ് റഷ്യയല്ല, ജനാധിപത്യ കേരളമാണെന്ന് സി.പി.എം ഓർമിക്കണമെന്നും അദ്ദേഹം പറഞ്ഞു.