കർണാടക മുൻ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ ചെറുമകൾ തൂങ്ങിമരിച്ച നിലയിൽ

Friday 28 January 2022 4:16 PM IST

ബംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പയുടെ ചെറുമകളെ വെള്ളിയാഴ്ച ബംഗളൂരുവിലെ സ്വകാര്യ അപ്പാർട്ട്‌മെന്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. യെദ്യൂരപ്പയുടെ മൂത്ത മകൾ പത്മയുടെ മകളായ സൗന്ദര്യ നീരജാണ് മരണപ്പെട്ടത്.

ബംഗളൂരുവിലെ മൌണ്ട് കാർമൽ കോളേജിന് സമീപമുള്ള അപ്പാർട്ട്‌മെന്റിൽ ഭർത്താവ് ഡോ നീരജിനും ആറ് മാസം പ്രായമുള്ള കുട്ടിക്കുമൊപ്പം താമസിക്കുകയായിരുന്നു സൗന്ദര്യ. രാവിലെ 10 മണിയോടെ ജോലിക്കാർ സൗന്ദര്യയുടെ വീട്ടിൽ എത്തിയപ്പോഴാണ് മരണ വിവരം പുറത്തറിയുന്നത്. ജോലിക്കാർ അറിയിച്ചതിനെ തുടർന്ന് ഭർത്താവ് വാതിൽ തുറന്നപ്പോൾ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ സൗന്ദര്യയെ കണ്ടെത്തുകയായിരുന്നു.

യെദ്യൂരപ്പയെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആശുപത്രിയിലെത്തി. സൗന്ദര്യയുടെ മരണക്കുറിപ്പ് ലഭിച്ചോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.