അഞ്ചുതെങ്ങിൽ കുടിവെള്ള ക്ഷാമം കോൺഗ്രസ്സ് പ്രവർത്തകർ വാട്ടർ അതോറിട്ടി ഉപരോധിച്ചു

Saturday 29 January 2022 12:24 AM IST

ആറ്റിങ്ങൽ: അഞ്ചുതെങ്ങിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാത്തത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് അഞ്ചുതെങ്ങ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ വാട്ടർ അതോറിട്ടി അസിസ്റ്റന്റ് എഞ്ചിനീയറെ ഉപരോധിച്ചു.

ആഴ്ചകളായി അഞ്ചുതെങ്ങിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളം ആവിശ്യത്തിന് ലഭ്യമാകാതായിട്ട്. പലപ്പോഴും രാത്രിയിൽ മാത്രമാണ് ജലവിതരണം നടക്കുന്നത്. പുലർച്ചയോടെ ജലവിതരണം നിലചിരിക്കും. ഇതുകാരണം ജോലിക്കു പോകുന്നവർക്ക് കുടിവെള്ളം ലഭിക്കുന്നില്ല. പൂർണമായും ആറ്റിങ്ങലിൽ നിന്നുള്ള ജലവിതരണത്തെയാണ് ഇവിടെയുള്ളവർ ആശ്രയിക്കുന്നത്. ഇവിടെയുള്ള കിണറുകളിൽ ഉപ്പും ഓരും അടങ്ങിയ വെള്ളമാണ്. ഇത് വസ്ത്രങ്ങൾ അലക്കുവാൻ പോലും ഉപയോഗിക്കാൻ പറ്റില്ല. പഞ്ചായത്ത് അധികൃതരുടെയും വാട്ടർ അതോറിട്ടിയുടെയും സർക്കാരിന്റെയും ശ്രദ്ധയിൽ പലപ്രാവശ്യം അറിയിച്ചെങ്കിലും യാതൊരു പ്രയോജനവും ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് ഉപരോധ സമരം സംഘടിപ്പിച്ചത്.

ഉപരോധ സമരം മണ്ഡലം പ്രസിഡന്റ് ജൂഡ് ജോർജ്ജ്‌ ഉദ്ഘാടനം ചെയ്തു. മുൻ മണ്ഡലം പ്രസിഡന്റ് ഷെറിൻ ജോൺ, പഞ്ചായത്ത് അംഗങ്ങളായ യേശുദാസൻ സ്റ്റീഫൻ, ദിവ്യ ഗണേഷ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ക്രിസ്റ്റി സൈമൺ, ഔസഫ് ആന്റണി, അജയകുമാർ, തമ്പി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിഫിൻ, മത്സ്യത്തൊഴിലാളി കോൺഗ്രസ്‌ അംഗം സേവ്യർ തുടങ്ങിയവർ പങ്കെടുത്തു.

രാത്രിയോടെ അഞ്ചുതെങ്ങ് പ്രദേശങ്ങളിൽ കുടിവെള്ളം എത്തിയ്ക്കാമെന്ന അസിസ്റ്റന്റ് എഞ്ചിനീയറുടെ ഉറപ്പിന്മേൽ ഉപരോധ സമരം അവസാനിപ്പിച്ചു.