അടിമാലിയിൽ സർവ്വകക്ഷി യോഗം ചേർന്നു

Saturday 29 January 2022 12:45 AM IST

അടിമാലി: കൊവിഡ് ആശങ്കയുടെ പശ്ചാത്തലത്തിൽ അടിമാലി ഗ്രാമപഞ്ചായത്തിൽ സർവ്വകക്ഷി യോഗം ചേർന്നു.പഞ്ചായത്ത് പരിധിയിലെ കൊവിഡ് കണക്കും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഇതുവരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളും യോഗം വിലയിരുത്തി.വാക്‌സിനേഷൻ പ്രവർത്തനങ്ങൾ ഊർജ്ജിതമായി മുമ്പോട്ട് പോകുന്നുവെന്ന് ആരോഗ്യവകുപ്പുദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു.ആദ്യ ഡോസ് വാക്‌സിനേഷൻ 100 ശതമാനവും രണ്ടാം ഡോസ് വാക്‌സിനേഷൻ 85 ശതമാനവും കുട്ടികൾക്കായുള്ള വാക്‌സിനേഷൻ പ്രവർത്തനങ്ങൾ 87ശതമാനവും പൂർത്തീകരിച്ചിട്ടുണ്ട്.പഞ്ചായത്ത് പരിധിയിൽ നിലവിൽ 700 മുകളിൽ രോഗബാധിതരുണ്ട്.രോഗബാധിതരായവർക്ക് തുടർവൈദ്യസഹായമെത്തിക്കുന്നതിനായി ആരോഗ്യപ്രവർത്തകർക്കൊപ്പം സന്നദ്ധപ്രവർത്തകരെ കൂടി സജ്ജമാക്കാനും സർക്കാരിന്റെ പൊതുനിയന്ത്രണങ്ങൾ കൂടുതൽ ജാഗ്രതയോടെ നടപ്പാക്കുവാൻ വേണ്ടുന്ന തുടർനടപടികൾ സ്വീകരിക്കാനും യോഗം തീരുമാനം കൈകൊണ്ടതായി ഗ്രാമപഞ്ചായത്തധികൃതർ പറഞ്ഞു.റാപ്പിഡ് റെസ്‌പോൺസ് ടീം അംഗങ്ങളുടെ പ്രവർത്തനവും പഞ്ചായത്ത് പരിധിയിൽ കാര്യക്ഷമമാക്കാൻ യോഗത്തിൽ തീരുമാനം കൈകൊണ്ടിട്ടുണ്ട്.ആദിവാസി മേഖലകളിലും രോഗവ്യാപനം തടയുവാൻ നിരീക്ഷണം ശക്തമാക്കും.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർളി മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ത്രിതല പഞ്ചായത്തംഗങ്ങൾ,ആരോഗ്യവകുപ്പുദ്യോഗസ്ഥർ,പഞ്ചായത്ത് ജീവനക്കാർ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,യുവജന സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement