നൂറിലധികം ദേശാടനപക്ഷികൾ ചത്ത നിലയിൽ അന്വേഷണം പ്രഖ്യാപിച്ച് വനം വകുപ്പ്

Saturday 29 January 2022 3:15 AM IST

അഗർത്തല: യു.എസിൽ നിന്നെത്തിയ അപൂർവ്വയിനം ദേശാടന പക്ഷികളെ ത്രിപുരയിൽ ദുരൂഹ സാഹചര്യത്തിൽ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. ത്രിപുരയിലെ ഗോമതി ജില്ലയിലാണ് സംഭവം. ഇവിടുത്തെ ഉദയ്പൂരിലെ സുഖ് സാഗർ തടാക മേഖലയിൽ നിന്നാണ് ജഡം കണ്ടെത്തിയിരിക്കുന്നത്. നൂറ് കണക്കിന് ദേശാടന പക്ഷികളാണ് ചത്തത്. ഗ്രാമവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് വനംവകുപ്പ് അറിയിച്ചു. കൂടുതൽ പരിശോധനയ്ക്കായി സാമ്പിളുകൾ വനംവകുപ്പ് ശേഖരിച്ചിട്ടുണ്ട്. കായലിനോട് ചേർന്നുള്ള കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന കീടനാശിനികളുടെ ഉപയോഗം കൊണ്ടാകാം ഇവ ചത്തതെന്നാണ് പ്രാഥമിക നിഗമനം.കഴിഞ്ഞ ആറ് വർഷമായി കാലിഫോർണിയയിൽ നിന്ന് ഈ പക്ഷികൾ ഉദയ്പൂരിൽ വരുന്നുണ്ട്. ചത്ത പക്ഷികളിൽ ചിലതിനെ നാട്ടുകാർ ഭക്ഷണ ആവശ്യങ്ങൾക്കായി കൊണ്ടുപോയി. ഇവിടെയെത്തുന്ന ദേശാടന പക്ഷികളെ പ്രദേശവാസികൾ വേട്ടയാടുന്നതായി റിപ്പോർട്ടുകളുണ്ട്.ത്രിപുരയിലെ തണുത്ത കാലാവസ്ഥ
ആസ്വദിക്കാൻ ആയിരക്കണക്കിന് ദേശാടന പക്ഷികൾ എല്ലാ വർഷവും ഈ സമയത്ത് ഇവിടെ എത്താറുണ്ട്. സംസ്ഥാനത്തുടനീളമുള്ള തടാകങ്ങളിൽ വംശനാശ ഭീഷണി നേരിടുന്ന അപൂർവ്വയിനത്തിൽപ്പെട്ട നിരവധി പക്ഷികളെ കണ്ടെത്തിയിട്ടുണ്ട്.

Advertisement
Advertisement