ദിലീപിന്റെ കൈവശമുള്ള ഫോണുകൾ കൈമാറണം; ക്രൈംബ്രാഞ്ചിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Saturday 29 January 2022 6:48 AM IST

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രതികൾക്ക് ഇന്ന് നിർണായകം. ഫോണുകൾ കൈമാറാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ടുള്ള അന്വേഷണ സംഘത്തിന്റെ ഉപഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. രാവിലെ പതിനൊന്നിനാണ് ഹർജി പരിഗണിക്കുക.

ഹൈക്കോടതി ഇന്ന് പ്രത്യേക സിറ്റിംഗ് നടത്തിയാണ് പ്രോസിക്യൂഷന്റെ ഹർജി പരിഗണിക്കുന്നത്. പ്രതികളുടെ അറസ്റ്റിനുള്ള വിലക്ക് നീക്കണമെന്ന അന്വേഷണ സംഘത്തിന്റെ ഹർജിയും കോടതിയുടെ പരിണനയ്ക്ക് വരും.

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികൾ ഫോൺ മാറ്റിയതെന്നും, ഇത് ഗൂഢാലോചനയുടെ തെളിവാണെന്നും പ്രോസിക്യൂഷൻ ഇന്നലെ വാദിച്ചിരുന്നു. ഫോണുകൾ കൈമാറണമെന്നും ഇതിൽ എന്തിനാണ് പേടിയെന്നും കോടതി വാക്കാൽ ചോദിച്ചു.

ഫോൺ ചോദിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന വാദം ക്രിമിനൽ കേസുകളിൽ ഉന്നയിക്കാനാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരുന്നു. മുൻഭാര്യയുമായുള്ള സംഭാഷണം ആ ഫോണിലുണ്ടെന്നും, അന്വേഷണ സംഘം അത് പുറത്തുവിട്ടാൽ തന്റെ സ്വകാര്യതയെ ബാധിക്കുമെന്നുമായിരുന്നു ദിലീപിന്റെ വാദം.