വാങ്ങാനാരും വന്നില്ല; തൊപ്പിയും ചിത്രവും ലേലത്തിന് വച്ച മെലാനിയ ട്രംപിന് തിരിച്ചടി, തുച്ഛമായ തുകയ്ക്ക് വിറ്റ് മടങ്ങിവന്നു

Saturday 29 January 2022 4:38 PM IST

വാഷിംഗ്‌ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിന് ലേലത്തിന് വച്ച വസ്തുക്കൾ വിൽക്കേണ്ടി വന്നത് പ്രതീക്ഷിച്ചതിലും കുറഞ്ഞ വിലയ്ക്ക്. 1.87 കോടിരൂപയാണ് (250,000 ഡോളർ) ലേലത്തുകയായി നിശ്ചയിച്ചിരുന്നത്. എന്നാൽ ഏകദേശം 1.27 കോടി രൂപയായിരുന്നു മെലാനിയയ്ക്ക് ലേലത്തിൽ ലഭിച്ചത്.

2018ൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ യു എസ് സന്ദർശിച്ചപ്പോൾ മെലാനിയ അണിഞ്ഞ തൊപ്പിയും ഇതേ തൊപ്പിയണിഞ്ഞ് നിൽക്കുന്ന ഒരു പെയിന്റിംഗും ഇതിന്റെ ഡിജിറ്റൽ പതിപ്പും (എൻ എഫ് ടി)യുമാണ് ലേലത്തിന് വച്ചത്. ഫ്രഞ്ച് അമേരിക്കൻ ഡിസൈനറായ ഹെർവ് പിയറിയാണ് ലേലത്തിന് വച്ച വെളുത്ത നിറത്തിലെ തൊപ്പി ഡിസൈൻ ചെയ്തത്.

ഈ മാസം ആദ്യം തൊപ്പിയുൾപ്പടെയുള്ള വസ്തുക്കൾ ലേലത്തിന് വയ്ക്കുമെന്ന് മെലാനിയ അറിയിച്ചിരുന്നു. ക്രിപ്റ്റോകറൻസിയായ സൊലാനയിലൂ‌ടെ ലേലത്തുക നൽകണമെന്നായിരുന്നു മെലാനിയയുടെ നിബന്ധന. എന്നാൽ മെലാനിയ ലേലത്തിന്റെ പ്രഖ്യാപനം പുറത്തുവിട്ടതിന് പിന്നാലെ ക്രിപ്റ്റോ വിപണിയിൽ ഇടിവുണ്ടായി. ഇതായിരുന്നു ലേലം നിശ്ചയിച്ച തുകയിൽ ഫലം കാണാത്തത്. ലേലം കൊള്ളുന്ന തുകയുടെ ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കി വയ്ക്കുമെന്ന് മെലാനിയ അറിയിച്ചിരുന്നു.

Advertisement
Advertisement