നാട്ടിൽത്തന്നെ പഠിക്കാൻ സൗകര്യമൊരുക്കണം

Tuesday 01 March 2022 12:00 AM IST

യുക്രെയിനിൽ ഇരുപതിനായിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ടെന്ന വിവരം നാട്ടുകാർ അറിയുന്നത് റഷ്യ ആരംഭിച്ച യുദ്ധത്തെത്തുടർന്നാണ്. ബഹുഭൂരിപക്ഷവും എം.ബി.ബി.എസ് പഠിക്കുന്നവരാണ്. യുദ്ധസാഹചര്യങ്ങളിൽ ഒറ്റപ്പെട്ടുപോയ അവർ സ്വന്തം നാടുകളിലേക്കു മടങ്ങാൻ പെടാപ്പാടു പെടുകയാണ്. അവരെ നാട്ടിലെത്തിക്കാൻ ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ച 'ഓപ്പറേഷൻ ഗംഗ"യിൽ പ്രതീക്ഷയർപ്പിച്ചു കാത്തിരിക്കുകയാണ് വിദ്യാർത്ഥികളും ബന്ധുമിത്രാദികളും.

എന്തുകൊണ്ടാണ് നമ്മുടെ കുട്ടികൾക്ക് യുക്രെയിൻ പോലുള്ള രാജ്യങ്ങളിലേക്ക് മെഡിക്കൽ വിദ്യാഭ്യാസത്തിനായി പോകേണ്ടിവരുന്നതെന്ന വലിയ ചോദ്യത്തിനു മുമ്പിലാണ് രാഷ്ട്രം ഇപ്പോൾ എത്തിനിൽക്കുന്നത്. യുക്രെയിനു പുറമേ ചൈനയിലും ധാരാളം ഇന്ത്യൻ വിദ്യാർത്ഥികൾ മെഡിസിന് പഠിച്ചുകൊണ്ടിരുന്നു. കൊവിഡ് പൊട്ടിപ്പുറപ്പെട്ടതോടെ അവരെല്ലാം നാടുകളിലേക്കു മടങ്ങാൻ നിർബന്ധിതരായി. ചൈനയ്ക്കു പുറമേ ജോർജിയ, ന്യൂസിലൻഡ്, കിർഗിസ്ഥാൻ തുടങ്ങിയ ചെറിയ രാജ്യങ്ങളിലെ മെഡിക്കൽ കോളേജുകളിലും ധാരാളം ഇന്ത്യൻ കുട്ടികൾ പഠിക്കുന്നുണ്ട്. എളുപ്പം പ്രവേശനം ലഭിക്കുമെന്നതും താങ്ങാനാവുന്ന ഫീസുമാണ് പ്രധാനമായും ഇത്തരം സ്ഥാപനങ്ങളിലേക്ക് ആകർഷിക്കുന്നത്. കേരളത്തിൽ നിന്നു മാത്രമല്ല തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളുൾപ്പെടെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിനു കുട്ടികളാണ് രാജ്യത്തിനു പുറത്ത് മെഡിക്കൽ പഠനം നടത്തുന്നത്.

ഇന്ത്യയിൽത്തന്നെ കൂടുതൽ കുട്ടികൾക്ക് മെഡിക്കൽ പഠനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കാനാണ് ശ്രമിക്കേണ്ടതെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിരീക്ഷണം ശ്രദ്ധേയമാകുന്നത് ഈ പശ്ചാത്തലത്തിലാണ്. സ്വകാര്യ മേഖലയിൽ വൻതോതിൽ പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിക്കാൻ അദ്ദേഹം ആഹ്വാനവും നടത്തി. ആരോഗ്യമേഖല പതിന്മടങ്ങു ശക്തിപ്പെടുത്താൻ കേന്ദ്ര സർക്കാർ പല പദ്ധതികളും നടപ്പാക്കിവരികയാണ്. ഗ്രാമീണ മേഖലകളിൽ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ സാർവത്രികമായിക്കൊണ്ടിരിക്കുന്നു. പുതിയ ആരോഗ്യകേന്ദ്രങ്ങൾ വരുന്നതിന് അനുസരിച്ച് ഡോക്ടർമാരുടെ സംഖ്യയും കൂടേണ്ടതുണ്ട്.

സാധാരണ കുടുംബങ്ങളിലെ കുട്ടികൾക്കും താങ്ങാനാവുന്ന ചെലവിൽ മെഡിക്കൽ പഠനം സാദ്ധ്യമാക്കേണ്ടത് ഭരണകൂട ബാദ്ധ്യതയാണ്. വർഷംതോറും പത്തും ഇരുപതും ഇരുപത്തഞ്ചും ലക്ഷം രൂപ ഫീസ് നൽകി പഠിക്കാൻ കുബേരന്മാർക്കേ കഴിയൂ. സ്വകാര്യ മേഖലയിൽ കൂടുതൽ മെഡിക്കൽ കോളേജുകൾ വരുകയും സാധാരണ കുട്ടികൾക്ക് ന്യായമായ ഫീസ് നൽകി പഠിക്കാനുള്ള അവസരം നൽകുകയും വേണം. അതിനാവശ്യമായ തരത്തിൽ സർക്കാർ പുതിയ നയസമീപനങ്ങൾ സ്വീകരിക്കണം.

ഞായറാഴ്ചത്തെ 'മൻ കി ബാത്" പരിപാടിയിൽ സംസാരിച്ച പ്രധാനമന്ത്രി ആയുർവേദത്തിന്റെ മഹത്വം വെളിവാക്കുന്ന ഒരു അനുഭവകഥ പങ്കുവയ്ക്കുകയുണ്ടായി. കെനിയയിലെ മുൻ പ്രധാനമന്ത്രിയുടെ പുത്രിക്ക് ട്യൂമർ ശസ്ത്രക്രിയയ്ക്കുശേഷം പൂർണമായും നഷ്ടപ്പെട്ട കാഴ്ചശക്തി നല്ലൊരളവിൽ തിരിച്ചുകിട്ടാൻ സഹായിച്ചത് കൂത്താട്ടുകുളത്തെ ശ്രീധരീയം നേത്രചികിത്സാ കേന്ദ്രത്തിലെ ചികിത്സയിലൂടെയാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ആയുർവേദം ഉൾപ്പെടെ വിവിധ നാട്ടുചികിത്സാ വിഭാഗങ്ങളെ പരിപോഷിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഏറെ വൈകിയാണെങ്കിലും ലോകം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നത് സന്തോഷകരമാണ്. അറിഞ്ഞോ അറിയാതെയോ നാം നഷ്ടപ്പെടുത്തിയ അപൂർവ ചികിത്സാമുറകളിലേക്കു വെളിച്ചം പകരുന്ന ഒട്ടധികം അനുഭവങ്ങൾ ചുറ്റിലുമുണ്ട്. ഒന്നിനെയും പൂർണമായും തള്ളിക്കളയരുതെന്ന വിലപ്പെട്ട പാഠം കൂടിയാണ് ഇതൊക്കെ നൽകുന്നത്.

'ആത്മനിർഭർ ഭാരത്" രാഷ്ട്രമന്ത്രമായി സ്വീകരിച്ചിരിക്കെ ഉന്നതവിദ്യാഭ്യാസ സൗകര്യങ്ങളും പരമാവധി രാജ്യത്തുതന്നെ വികസിപ്പിച്ചെടുക്കാൻ കഴിയണം.

Advertisement
Advertisement