ആണവ വിഷം ചീറ്റിയ ചെർണോബിൽ

Tuesday 01 March 2022 4:24 AM IST

കീവ്: ചരിത്രത്തിലെ ഏറ്റവും വലിയ ആണവ വികിരണ ദുരന്തത്തിന്റെ വേദിയാണ് യുക്രെയിനിലെ ചെർണോബിൽ. ഇവിടം റഷ്യ പിടിച്ചെടുത്തതിന് പിന്നാലെ വീണ്ടുമൊരു ആണവ ദുരന്തത്തിന് വഴിവയ്ക്കുമോ എന്ന ആശങ്ക ഏവരെയും അലട്ടുന്നുണ്ട്. 1986 ഏപ്രിൽ 26നാണ് ചെർണോബിൽ ആണവോർജ്ജ പ്ലാന്റിൽ ഭീകരമായ പൊട്ടിത്തെറിയുണ്ടായത്.

യുക്രെയിൻ അന്ന് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. ഇപ്പോൾ പവർപ്ലാന്റിന്റെ 30 കിലോമീറ്റർ ചുറ്റളവിൽ ജനവാസമില്ല. കീവിൽ നിന്ന് 80 മൈൽ അകലെ വടക്കാണ് ചെർണോബിൽ. റേഡിയേഷൻ തടയുന്നതിനായി പ്രത്യേക സുരക്ഷാ സംവിധാനങ്ങളോടെ ചെർണോബിൽ ആണവനിലയം അടച്ചിട്ടിരിക്കുകയാണ്.

പ്രിപ്യാറ്റ് നഗരത്തിന് സമീപം സ്ഥിതി ചെയ്തിരുന്ന ആണവ റിയാക്ടറിന്റെ പൊട്ടിത്തെറിയിൽ കലാശിച്ചത് വേണ്ടത്ര പരിശീലനം ലഭിക്കാത്ത ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയും റിയാക്ടറിന്റെ രൂപകല്പനയിലുണ്ടായ പിഴവുമാണെന്നാണ് കരുതുന്നത്.

ആണവ റിയാക്ടറിന്റെ നാലാമത്തെ യൂണിറ്റിൽ പുലർച്ചെ ഒരു മണിക്ക് ശേഷമായിരുന്നു അപകടം. പരീക്ഷണങ്ങൾ നടക്കുന്നതിനിടെ വൈദ്യുതി നിയന്ത്രണ സംവിധാനം ഓഫാക്കിയതും അടിയന്തര സുരക്ഷാ നിയന്ത്രണങ്ങൾ പാലിക്കുന്നതിലെ പിഴവുമാണ് പൊട്ടിത്തെറിയിൽ കലാശിച്ചത്. റിയാക്ടറിൽ അവശേഷിച്ച പവറാണ് പൊട്ടിത്തെറിയ്ക്ക് കാരണമായത്. റിയാക്ടറിലെ ഭീമൻ മെറ്റീരിയൽ ലിഡ് ആണ് ആദ്യം കത്തിയത്. പിന്നാലെ ഗ്രാഫൈറ്റ് റിയാക്ടറിലേക്ക് തീപടരുകയും ആണവ വികിരണമുണ്ടാവുകയും ചെയ്തു.

അപകടത്തിന് പിന്നാലെ നീരാവി വിസ്ഫോടനവും തീപിടിത്തവും മൂലം രണ്ട് ജീവനക്കാർ തത്ക്ഷണം മരിച്ചു. 28 ഓളം ജീവനക്കാർക്ക് അക്യൂട്ട് റേഡിയേഷൻ സിൻഡ്രോം ബാധിക്കുകയും ആഴ്ചകൾക്കുള്ളിൽ ജീവൻ നഷ്ടമാവുകയും ചെയ്തു. ആണവ വികിരണങ്ങൾ പ്രിപ്യാത്ത് ഉൾപ്പെടെ സമീപ പ്രദേശങ്ങളിലേക്ക് വ്യാപിച്ചു. റിയാക്ടറിന്റെ ഉരുക്കുകവചങ്ങൾ തകർന്നതോടെ ടൺകണക്കിന് റേഡിയോ ആക്ടിവ് പദാർത്ഥങ്ങളാണ് പുറത്തേക്ക് വന്നത്.

ഇത് ഏകദേശം ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വർഷിക്കപ്പെട്ടപ്പോൾ ഉണ്ടായതിനേക്കാൾ ഏകദേശം 400 മടങ്ങാണ്. കുറഞ്ഞത് 4,000 പേരെങ്കിലും ദുരന്തത്തിന് ശേഷം വികിരണം മൂലമുണ്ടായ കാൻസർ പോലുള്ള രോഗങ്ങൾ ബാധിച്ച് മരിച്ചെന്നാണ് കണക്കുകൾ. എന്നാൽ, ഇത് 60,000 വരെയാണെന്നും വാദമുണ്ട്.

Advertisement
Advertisement