ലോക്കൽ ബസ് ആളെയെത്തിക്കും : 24x7 ബൈപാസ് വഴി പായും ലോഫ്ളോർ എ.സി

Tuesday 01 March 2022 10:17 PM IST

തൃശൂർ: ബൈപാസുകളിലൂടെ പാഞ്ഞ്, ട്രെയിനിന്റെ വേഗത്തിൽ യാത്രക്കാരെ ലക്ഷ്യത്തിലെത്തിക്കാൻ കെ.എസ്.ആർ.ടി.സിയുടെ ബൈപ്പാസ് റൈഡർ ഈ മാസം നിരത്തിലിറങ്ങിയേക്കും. 24 മണിക്കൂറും സൂപ്പർഫാസ്റ്റ്, എയർ സസ്‌പെൻഷൻ, ലോഫ്‌ളോർ എ.സി ബസുകളാകും സർവീസ് നടത്തുക. സ്റ്റാൻഡുകളിൽ കയറാതെ സർവീസ് നടത്തുന്ന ഈ ബസുകളിലേയ്ക്ക് യാത്രക്കാരെ എത്തിക്കാനും തിരിച്ച് കൊണ്ടുവരാനുമുള്ള ഫീഡർ ബസും ഒരുങ്ങി. തൃശൂർ ഡിപ്പോയിൽ അഞ്ച് ഫീഡർ ബസുകളാണ് തയ്യാറായത്. തിരുവനന്തപുരം കോഴിക്കോട് സർവീസാണ് തുടങ്ങുന്നത്.
തിരുവനന്തപുരം കഴക്കൂട്ടം, കൊല്ലം കൊട്ടാരക്കര, ആലപ്പുഴ ജംഗ്ഷൻ, ചേർത്തല ജംഗ്ഷൻ, ആലുവ മെട്രോ സ്‌റ്റേഷൻ, ചാലക്കുടി കോടതി ജംഗ്ഷൻ, മലപ്പുറം ചങ്കുവെട്ടി എന്നിവിടങ്ങളിലാണ് ഫീഡർ സ്‌റ്റേഷൻ തയ്യാറാക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടാൽ വൈറ്റില വരെയുള്ള പ്രധാന നഗരങ്ങളിലെ ബൈപാസുകളിൽ മാത്രമാകും ബസ് നിറുത്തുക. തൃശൂരിൽ ബൈപാസ് അകലെയായതിനാൽ സ്റ്റാൻഡിൽ കയറാതെ കോഴിക്കോട്ടേയ്ക്ക് പോകാനാവില്ല. മലപ്പുറത്ത് ചങ്കുവെട്ടിയിലാണ് ഫീഡർ സ്‌റ്റേഷൻ. യൂണിവേഴ്‌സിറ്റി കഴിഞ്ഞാൽ കോഴിക്കോടാണ് അടുത്ത സ്റ്റോപ്പ്. റൈഡറുകൾക്കായി തൃശൂർ സ്റ്റേഷനിൽ പ്രത്യേക ഇടമുണ്ട്. ചുവപ്പും വെള്ളയും നിറത്തിലുള്ള ഫീഡർബസുകൾക്കും പ്രത്യേക ഇടമുണ്ടാകും. ഇതിന്റെ സമയക്രമീകരണം ഉടൻ അറിയിക്കും.

നിരക്കുകൾ മാറ്റമുണ്ടായേക്കില്ല

നിലവിലെ സൂപ്പർക്ലാസ് സർവീസുകൾ ബൈപാസ് റൈഡർ സർവീസുകളായി പുനഃക്രമീകരിക്കുമ്പോൾ യാത്രക്കാർക്കുള്ള നിരക്കുകളിൽ മാറ്റം വരുത്തിയേക്കില്ല. സമയക്രമം പാലിച്ച് സർവീസ് നടത്തുന്നത് വഴി മികച്ച ലാഭമുണ്ടാക്കാനാകുമെന്നാണ് കോർപറേഷന്റെ പ്രതീക്ഷ. പരീക്ഷണാടിസ്ഥാനത്തിലുള്ള സർവീസുകളുടെ പ്രവർത്തനം ഉടനുണ്ടായേക്കും. വിനോദസഞ്ചാരത്തിനായി അവധിദിനങ്ങളിൽ ബസുകൾ ഏർപ്പെടുത്തിയത് യാത്രക്കാരുടെ സ്വീകാര്യത കൂട്ടിയിരുന്നു. തൃശരിൽ ചാലക്കുടിയിൽ നിന്ന് മൂന്നാർ അടക്കമുള്ള സ്ഥലങ്ങളിലേക്ക് വിനോദയാത്രയ്ക്കായി ബസുകളുണ്ട്. ഇതിനുപിന്നാലെയാണ് ബൈപാസ് റൈഡറുകൾ വഴി കോർപറേഷനെ ലാഭത്തിലെത്തിക്കാനുള്ള ശ്രമം നടക്കുന്നത്.

ഗുണങ്ങൾ

തിരക്കേറിയ ടൗണിലും പ്രധാനപാതകളിലും ഉണ്ടാകുന്ന സമയ-ഇന്ധന നഷ്ടം ഒഴിവാക്കാം.
കോഴിക്കോട് തിരുവനന്തപുരം ബൈപാസ് പാതകളിലൂടെയുള്ള യാത്രയിൽ രണ്ട് മണിക്കൂർ സമയലാഭം.
ഡിപ്പോകളിൽ വിശ്രമത്തിനും ആശയവിനിമയത്തിനും ലഘുഭക്ഷണത്തിനും സൗകര്യം.
യാത്രക്കാരുടെ സുരക്ഷയ്ക്കും സഹായത്തിനും 24 മണിക്കൂറും ജീവനക്കാരെ നിയോഗിക്കും.

ബൈപാസ് റൈഡറുകൾ ഉടൻ ഉണ്ടാകുമെന്നാണ് വിവരം. സമയക്രമീകരണം സംബന്ധിച്ച തീരുമാനവുമുണ്ടാകും. എന്തായാലും ദീർഘദൂരയാത്രക്കാർക്ക് ഏറെ സഹായകമാകും.

വി.എം.താജുദീൻ

ഡി.ടി.ഒ, തൃശൂർ.

Advertisement
Advertisement