നവീൻ കൊല്ലപ്പെട്ടതോടെ വിദ്യാർത്ഥികൾ ആശങ്കയിൽ  ദുരിതം വിവരിച്ച് മലയാളി വിദ്യാർത്ഥി ഹരികൃഷ്‌ണൻ

Wednesday 02 March 2022 4:06 AM IST

തിരുവനന്തപുരം: യുക്രെയിനിലെ ഖാർകീവിൽ കടയിൽ സാധനം വാങ്ങാൻ ക്യൂവിൽ നിൽക്കെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട കർണാടക സ്വദേശി നവീനെപ്പറ്റി ഓർക്കുമ്പോൾ ഹൃദയം പിടയുകയാണെന്ന് യുക്രെയിനിലെ മലയാളി വിദ്യാർത്ഥി പി.എം. ഹരികൃഷ്‌ണൻ പറഞ്ഞു. നവീൻ അടുത്തറിയാവുന്ന വ്യക്തിയായിരുന്നു. നവീന്റെ മരണത്തോടെ മലയാളി വിദ്യാർത്ഥികളടക്കം ആശങ്കയിലാണെന്നും ഹരികൃഷ്‌ണൻ കേരളകൗമുദിയോട് പറഞ്ഞു. ഖാർകീവിലെ ഫ്ലാറ്റിനടിയിലെ ബങ്കറിലകപ്പെട്ടിരിക്കുകയാണ് കൊല്ലം കടപ്പാക്കട സ്വദേശിയായ ഹരികൃഷ്‌ണൻ. ഫോണിലൂടെ സംസാരിക്കാൻ പോലും ഭയമാണ്. യുക്രെയിനികൾ സൈബർ ആക്രമണം നടത്തുന്നുണ്ട്. ഫോട്ടോയെുക്കാനോ അത് അയയ്‌ക്കാനോ ഉള്ള ധൈര്യം ഞങ്ങൾക്കില്ല. ഇന്ത്യ യുക്രെയിനെ സഹായിച്ചില്ലെന്ന പേരിൽ സിവിലിയൻസ് വളരെ ദേഷ്യത്തോടെയാണ് ഞങ്ങളോട് പെരുമാറുന്നത്. പോളണ്ട്, ഹങ്കറി തുടങ്ങിയ രാജ്യങ്ങളുടെ അതിർത്തിയിൽ എത്തിച്ചേരാനാണ് ഇന്ത്യൻ എംബസി അറിയിച്ചിരിക്കുന്നത്. എന്നാൽ ഇവിടെ റോഡിൽ ഇറങ്ങാൻ പോലും കഴിയാത്ത സ്ഥിതിയാണ്. റെയിൽവേ സൗജന്യയാത്ര നടത്തുന്നുവെന്നത് ശരിയാണ്. എന്നാൽ യുക്രെയിനികൾക്കാണ് മുൻഗണന. പ്രോട്ടോക്കോൾ പാലിച്ച് സ്‌ത്രീകളും ഗർഭിണികളും അടക്കം കയറിക്കഴിഞ്ഞാൽ പിന്നെ നിൽക്കാൻ പോലും സ്ഥലമുണ്ടാകില്ല. റോഡ് വഴിയുള്ള യാത്ര പ്രവർത്തികമല്ല. കോളേജ് ഹോസ്‌റ്റലിന്റെ മെസ് ഷെല്ലാക്രമണത്തിൽ പൂർണമായും തകർന്നു. ഞങ്ങൾ താമസിക്കുന്ന കെട്ടിടത്തിന് ചുറ്റും ഇപ്പോഴും റോക്കറ്റാക്രമണം നടന്നുകൊണ്ടിരിക്കുകയാണ്. വെള്ളം തീർന്നു. സ്റ്റോക്കുണ്ടായിരുന്ന അരിയും പച്ചക്കറികളുമെടുത്താണ് ആഹാരം പാകം ചെയ്യുന്നത്. വൈദ്യുതി പോലുമില്ലാതെ എത്രനാൾ പിടിച്ചുനിൽക്കാൻ കഴിയുമെന്ന് അറിയില്ല. നാട്ടിൽ പോകാൻ തീരുമാനിച്ച് പല രാജ്യക്കാരും പുറത്തിറങ്ങുന്നുണ്ട്. എന്നാൽ അവരിൽ എല്ലാവരും റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരുന്നില്ല. പലരും മിസിംഗാണെന്നും ഹരികൃഷ്‌ണൻ പറഞ്ഞു.

Advertisement
Advertisement