തിരികെ..., കരിവീരച്ചന്തം

Wednesday 02 March 2022 1:11 AM IST

തൃശൂർ : മദ്ധ്യകേരളത്തിലെ ഉത്സവങ്ങൾ കൊട്ടിക്കലാശത്തിലേക്ക് നീങ്ങുമ്പോൾ, രണ്ട് വർഷത്തിന് ശേഷം ഉത്സവപ്പറമ്പുകളിൽ കരിവീരച്ചന്തം. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചതോടെ, കഴിഞ്ഞ ദിവസം ചേർന്ന ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട മേൽനോട്ട സമിതിയാണ് കൂടുതൽ ആനകളെ എഴുന്നള്ളിക്കാൻ അനുമതി നൽകിയത്.

പൊലീസ് ഒഴിച്ച് മറ്റെല്ലാ വകുപ്പുകളും കൂടുതൽ ആനകളെ എഴുന്നള്ളിക്കാമെന്ന നിലപാടാണ് സ്വീകരിച്ചത്. ജില്ലാ ഭരണകൂടം, വനം, മൃഗസംരക്ഷണം, ആരോഗ്യം, പൊലീസ്, ആന ഉടമകൾ, അസോസിയേഷൻ, തൊഴിലാളി പ്രതിനിധികൾ തുടങ്ങി വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ചുള്ളവർ യോഗത്തിൽ പങ്കെടുത്തു. ഇന്നലെ ഉത്രാളിക്കാവിൽ കനത്ത ചൂടിനെ വകവെയ്ക്കാതെ ആയിരങ്ങളാണ് ആനച്ചന്തം കാണാനെത്തിയത്. മുൻകാലങ്ങളിലെ അത്ര ശബ്ദഗാംഭീര്യം ഇല്ലെങ്കിലും വെടിക്കെട്ട് കമ്പക്കാരുടെയും മനം നിറയ്ക്കുന്നതായി കരിമരുന്ന്പ്രയോഗവും. ഉത്രാളിപ്പൂരവും ശിവരാത്രി ആഘോഷവും ഒരേദിവസം വന്നത് പൂരക്കമ്പക്കാരെ നിരാശപ്പെടുത്തി. ശിവക്ഷേത്രങ്ങളിൽ രണ്ട് വർഷത്തിനിടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. യോഗത്തിൽ എ.ഡി.എം റെജി പി.ജോസഫ്, ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ബി.സതീഷ് കുമാർ, എ.സി.പി ടി.എസ്. സിനോജ്, കെ.മഹേഷ്, വത്സൻ ചെമ്പക്കര, മനോജ് അയ്യപ്പൻ, എം.എൻ.ജയചന്ദ്രൻ, ഡോ.ഉഷറാണി, ഡോ.പി.ബി.ഗിരിദാസ് എന്നിവർ പങ്കെടുത്തു.

ആറാട്ടുപുഴ പൂരപ്പാടം നിറയും

ആറാട്ടുപുഴപൂരത്തിന് ഇത്തവണ പരമാവധി 65 ആനകളെ വരെ എഴുന്നള്ളിക്കാമെന്ന ഉത്തരവ് വന്നതോടെ പങ്കാളി ക്ഷേത്രങ്ങളിൽ ഒരുക്കം സജീവമായി. ദേവസംഗമത്തിന് മുന്നോടിയായുള്ള ദേവി ദേവന്മാരുടെ ഗ്രാമ പ്രദക്ഷിണത്തിലും പെരുവനം പൂരത്തിലും നിരവധി ആനകളാണ് പങ്കെടുക്കാറ്. 2020 ൽ കൊവിഡ് വ്യാപനത്തെ തുടർന്ന് ആറാട്ടപുഴ പൂരം ഉപേക്ഷിച്ചിരുന്നു. കഴിഞ്ഞ തവണ കർശന നിയന്ത്രണങ്ങളുണ്ടായിരുന്നു.

എണ്ണം കുറയ്ക്കണമെന്ന് പൊലീസ്

ആനകളുടെ എണ്ണം പരമാവധി കുറയ്ക്കണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. വെടിക്കെട്ട് ലൈസൻസുള്ള സ്ഥലങ്ങളിൽ കൂടുതൽ ആൾക്കൂട്ടമുണ്ടാകുമെന്നും ഇത്തരം സ്ഥലങ്ങളിൽ പതിനഞ്ച് ആനകളെ എഴുന്നള്ളിച്ചാൽ മതിയെന്നുമായിരുന്നു പൊലീസ് നിലപാട്. സിറ്റി, റൂറൽ പൊലീസ് അധികാരികളെ പ്രതിനിധീകരിച്ചെത്തിയ ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്.

നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതോടെയാണ് കൂടുതൽ ആനകളെ എഴുന്നള്ളിക്കാൻ അനുമതി നൽകിയത്. എന്നാൽ നാട്ടാനപരിപാലനചട്ടം പൂർണ്ണമായി പാലിക്കണം. ആറാട്ടുപുഴ പൂരം ഒഴിച്ച് രജിസ്റ്റർ ചെയ്തിരിക്കുന്ന ഉത്സവങ്ങളിൽ വരവ് പൂരങ്ങൾക്ക് എഴ് ആനകളെയും കൂട്ടിയെഴുന്നള്ളിപ്പുകൾക്ക് 30 ആനകളെയും എഴുന്നള്ളിക്കാം.

ബി.സതീഷ് കുമാർ
ഡെപ്യുട്ടി ഫോറസ്റ്റ് കൺസർവേറ്റർ

Advertisement
Advertisement