ശ്രീകോവിൽ പൊതിയാൻ മോദിയുടെ അമ്മയുടെ തൂക്കത്തിൽ സ്വർണ്ണം

Thursday 03 March 2022 1:49 AM IST

ന്യൂഡൽഹി:കാശി വിശ്വനാഥ ക്ഷേത്ര ശ്രീകോവിലിനുള്ളിൽ പതിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാ ബെന്നിന്റെ ഭാരത്തിന് തുല്യമായി സ്വർണ്ണം സംഭാവനയായി നൽകി പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ദക്ഷിണേന്ത്യൻ വ്യവസായി. ക്ഷേത്രത്തിന് മൊത്തം നൽകിയ 60 കിലോ സ്വർണ്ണത്തിൽ നിന്ന് ഹീരാ ബെന്നിന്റെ തൂക്കത്തിന് തുല്യമായ 37 കിലോ സ്വർണ്ണമാണ് ശ്രീകോവിലിനുള്ളിൽ പതിച്ചത്. ബാക്കി സ്വർണ്ണം താഴികക്കുടത്തിന്റെ അടിഭാഗം മറയ്ക്കാനായി ഉപയോഗിക്കുമെന്ന് ഡിവിഷണൽ കമ്മീഷണർ ദീപക് അഗർവാൾ പറഞ്ഞു.

ഫെബ്രു.27 ന് ക്ഷേത്ര ദർശനത്തിനെത്തിയ നരേന്ദ്ര മോദി ജാരോഖ ദർശനം (ജനലഴിയിലൂടെയുള്ള ദർശനം) നടത്തുമ്പോൾ അധികൃതർ പുറത്ത് വിട്ട ദൃശ്യങ്ങളിൽ ശ്രീകോവിലിനുള്ളിലെ സ്വർണ്ണത്തിളക്കം കണ്ടിരുന്നു. 10 കരകൗശലവിദദ്ധരുടെ സംഘം 30 മണിക്കൂർ കൊണ്ടാണ് ശ്രീകോവിൽ സ്വർണ്ണം കൊണ്ട് പൊതിഞ്ഞത്. 2021 സിസം.13 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കാശി വിശ്വനാഥ് ധാം തുറന്ന് കൊടുക്കുന്നതിന് മുമ്പ് തന്നെ വ്യവസായി തന്റെ ഇംഗിതമറിയിച്ച് ക്ഷേത്രം അധികാരികളുമായി ബന്ധപ്പെട്ടിരുന്നു.

 മുഗൾ ഭരണകാലത്ത് തകർന്ന ക്ഷേത്രം 1777 ൽ ഇൻഡോറിലെ ഹോൾക്കർ രാഞ്ജി മഹാറാണി അഹല്യ ഭായ് ആണ് പുനർനിർമ്മാണം നടത്തിയത്. പഞ്ചാബിലെ മഹാരാജാ രഞ്ജിത്ത് സിംഗ് ക്ഷേത്രത്തിന്റെ രണ്ട് താഴികക്കുടങ്ങൾ പൊതിയാൻ ഒരു ടൺ സ്വർണ്ണം നൽകി. പിന്നീട് 900 കോടി രൂപ ചെലവഴിച്ച് ക്ഷേത്രത്തിന്റെ നവീകരണം നടത്തിയത് നരേന്ദ്ര മോദി സർക്കാരാണ്.

Advertisement
Advertisement