വെൺമണി ഇരട്ടക്കൊലപാതകം: പ്രതികൾ കുറ്റക്കാർ, ശിക്ഷ 4ന്

Thursday 03 March 2022 12:34 AM IST

മാവേലിക്കര : വെൺമണി കോടുകുളഞ്ഞി കരോട് ആഞ്ഞിലിമൂട്ടിൽ വീട്ടിൽ എ.പി.ചെറിയാൻ, ഭാര്യ ലില്ലിക്കുട്ടി ചെറിയാൻ എന്നിവരെ കൊലപ്പെടുത്തി വീട് കവർച്ച ചെയ്ത കേസിൽ പ്രതികളായ ബംഗ്ലാദേശ് സ്വദേശികളായ ലബിലു ഹസൻ (39), ജുവൽ ഹസൻ (24) എന്നിവർ കുറ്റക്കാരാണെന്ന് മാവേലിക്കര അഡീഷണൽ ജില്ലാ കോടതി ജഡ്ജി കെന്നത്ത് ജോർജ്ജ് കണ്ടെത്തി. കൊലപാതകം, അതിക്രമിച്ചു കയറൽ, കവർച്ച തുടങ്ങി പ്രതികൾക്കെതിരെ ചുമത്തിയിരുന്ന എല്ലാ കുറ്റങ്ങളും സംശയാതീതമായി തെളിഞ്ഞതായി കോടതി കണ്ടെത്തി.പ്രതികൾക്ക് നൽകേണ്ട ശിക്ഷയെ സംബന്ധിച്ച് 4ന് വാദം കേൾക്കും.

2019 നവംബർ 11നായിരുന്നു കേസിനാസ്പദമായ സംഭവം. ദമ്പതികളുടെ വീട്ടിൽ ജോലിക്കെത്തിയ പ്രതികൾ വീട്ടിൽ സ്വർണം ഉണ്ടെന്ന് മനസിലാക്കിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. കൊലപാതകത്തിന് ശേഷം 45 പവൻ സ്വർണാഭരണവും 17,338 രൂപയും അപഹരിച്ച ശേഷം കടന്ന പ്രതികളെ നവംബർ 13ന് വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. 2021 നവംബർ 1ന് ആരംഭിച്ച വിചാരണ 2022 ഫെബ്രുവരി 25നാണ് പൂർത്തിയായത്.

കേസിൽ 60 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 103 തൊണ്ടിമുതലും 80 രേഖകളും കേസിൽ ഹാജരാക്കി. കേസിൽ വിശാഖപട്ടണം ആർ.പി.എഫ് പൊലീസിലെ 5 പേരും ആന്ധ്രാദേശ്, ബംഗാൾ, അസാം, പുതുച്ചേരി സംസ്ഥാനക്കാരും സാക്ഷികളായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.സോളമൻ, സരുൺ.കെ.ഇടുക്കുള എന്നിവർ ഹാജരായി.

Advertisement
Advertisement