വിദ്യാർത്ഥിനിയുടെ ആത്മഹത്യാശ്രമത്തിന്റെ കാരണം പ്രണയനൈരാശ്യമാക്കാൻ ശ്രമം
തിരുവനന്തപുരം: യൂണിയൻ ഭാരവാഹികളുടെ മാനസിക പീഡനം സഹിക്കാൻ വയ്യെന്ന് കത്തെഴുതി വച്ച് യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥിനി ആത്മഹത്യാ ശ്രമം നടത്തിയ കേസ് ഒതുക്കിത്തീർക്കാൻ തീവ്രശ്രമം. പ്രണയ നൈരാശ്യമാണ് കാരണമെന്ന് വരുത്തിത്തീർക്കാനാണ് ശ്രമം.
പ്രണയ നഷ്ടത്തെ തുടർന്ന് നിരാശയിലായിരുന്നെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ആറ്റിങ്ങൽ എസ്.ഐക്ക് പെൺകുട്ടി മൊഴി നൽകിയെന്നാണ് കന്റോൺമെന്റ് പൊലീസ് പറയുന്നത്. എന്നാൽ, മജിസ്ട്രേട്ടിന് നൽകിയ മൊഴിയിൽ ഇങ്ങനെയൊരു പരാമർശമില്ലെന്നാണ് സൂചന.
പെൺകുട്ടിയുടെ മാതാപിതാക്കൾ സി.പി.എം പ്രവർത്തകരാണ്. മുതിർന്ന പാർട്ടി നേതാക്കൾ ഇടപെട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചുതന്നെ മൊഴി വ്യത്യാസപ്പെടുത്താൻ ശ്രമിച്ചതായും ആക്ഷേപമുണ്ട്. ആത്ഹത്യാക്കുറിപ്പിൽ യൂണിയൻ നേതാക്കളിൽ ചിലരുടെ പേരെടുത്തു പറയുന്നുണ്ട്. പക്ഷേ, ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് വരുത്താനാണ് പൊലീസും ശ്രമിക്കുന്നത്.
ആത്മഹത്യാശ്രമം നടത്തിയതിന് പെൺകുട്ടിക്കെതിരെ കന്റോൺമെന്റ് പൊലീസും കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ ആറ്റിങ്ങൽ പൊലീസും കേസെടുത്തിട്ടുണ്ട്. മജിസ്ട്രേട്ടിന്റെയും ആറ്റിങ്ങൽ പൊലീസിന്റെയും മൊഴിപ്പകർപ്പുകൾ ശേഖരിച്ച ശേഷം കൂടുതൽ നടപടികളെടുക്കുമെന്ന് കന്റോൺമെന്റ് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താൻ പൊലീസ് ആറ്റിങ്ങലിലെത്തും.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം, രണ്ടു മാസമായി ഒരു സമരം പോലും കോളേജിൽ ഉണ്ടായിട്ടില്ല. അതിനാൽ പഴക്കമുള്ള ഏതോ സംഭവമാണ് പെൺകുട്ടി ആത്മഹത്യാക്കുറിപ്പിൽ പറയുന്നതെന്നാണ് പൊലീസിന്റെ വിശദീകരണം.
ഇനി എന്ത്
1) തനിക്ക് പരാതിയില്ലെന്നാണ് പെൺകുട്ടിയുടെ വാദമെങ്കിലും ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ കന്റോൺമെന്റ് പൊലീസിന് ആത്മഹത്യാപ്രേരണ, പീഡനക്കുറ്റങ്ങൾ ചുമത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാം
2) എന്നാൽ ആരിൽ നിന്നും മാനസിക പീഡനമുണ്ടായിട്ടില്ലെന്നും മറ്റേതെങ്കിലും കാരണത്താൽ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നെന്നും മൊഴിയുണ്ടായാൽ കേസ് ദുർബലമാവും
3) ഈ സാഹചര്യം മുതലെടുത്ത് പെൺകുട്ടിയെയും കുടുംബത്തെയും സ്വാധീനിച്ച് മൊഴി മാറ്റിക്കാനുള്ള ഗൂഢശ്രമങ്ങളാണ് നടക്കുന്നത്. കേസ് തന്നെ ഇല്ലാതായേക്കാം.