പുനഃസംഘടന നടത്തണമെന്ന നിലപാടിലുറച്ച് സുധാകരൻ

Thursday 03 March 2022 12:42 AM IST

തിരുവനന്തപുരം: പുനഃസംഘടനാ നടപടികൾ നിറുത്തിവയ്ക്കാൻ ഹൈക്കമാൻഡ് നിർദ്ദേശിച്ചെങ്കിലും അത് നടത്തിയേ തീരൂ എന്ന വാശിയിൽ കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ ഉറച്ചുനിൽക്കുന്നതോടെ സംസ്ഥാന കോൺഗ്രസിൽ രൂപപ്പെട്ട പ്രതിസന്ധിക്ക് ഇന്നലെയും അയവുവന്നില്ല. ഹൈക്കമാൻഡ് ഇടപെടലിൽ കടുത്ത അതൃപ്തിയുള്ള സുധാകരൻ സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും നേരിൽ കണ്ട് കാര്യങ്ങൾ വിശദമാക്കാൻ ഒരുങ്ങുന്നതായും സൂചനയുണ്ട്. കെ.പി.സി.സി അദ്ധ്യക്ഷനെന്ന നിലയിൽ അധികാരം ഉപയോഗിക്കാനാവുന്നില്ലെങ്കിൽ ആ സ്ഥാനത്ത് തുടരുന്നതിൽ അർത്ഥമില്ലെന്ന നിലപാട് അദ്ദേഹം പലരോടും പങ്കുവച്ചുകഴിഞ്ഞു.

അതേസമയം പ്രതിസന്ധിക്ക് രമ്യമായ പരിഹാരം കാണാനുള്ള ശ്രമങ്ങൾക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുൻകൈയെടുക്കുമെന്നാണ് സൂചന. ഇന്നലെ രാത്രി സതീശൻ സുധാകരനുമായി കൂടിക്കാഴ്ച നടത്തി. സുധാകരനുമായി ഒരു പ്രശ്നവുമില്ലെന്നും ഒരാൾ പോക്കറ്റിൽ നിന്ന് എടുത്തു പറയുന്നതല്ല കോൺഗ്രസിലെ തീരുമാനമെന്നും സതീശൻ പറഞ്ഞു. പാർട്ടിയിലെ മറ്റ് മുതിർന്ന നേതാക്കളും സുധാകരനുമായി ആശയവിനിമയം നടത്തുന്നുണ്ട്. ഇന്നലെ കെ.സി വേണുഗോപാൽ സുധാകരനുമായി ചർച്ച നടത്തിയതായി അറിയുന്നു.

 വേണുഗോപാൽ കൂട്ടായ്മയെന്ന് സംശയം

വേണുഗോപാലിനെ കേന്ദ്രീകരിച്ച് സംസ്ഥാനത്ത് പുതിയൊരു കൂട്ടായ്മ ഉദയം ചെയ്യുന്നുവെന്ന സംശയം സുധാകരനും കൂട്ടർക്കുമുണ്ട്. പുനഃസംഘടനയെക്കുറിച്ച് ഹൈക്കമാൻഡിന് പരാതി നൽകിയ മിക്ക എം.പിമാരും വേണുഗോപാലുമായി അടുപ്പം പുലർത്തുന്നവരാണ്. എം.കെ.രാഘവൻ, ആന്റോ ആന്റണി, ടി.എൻ.പ്രതാപൻ, ബെന്നി ബെഹനാൻ, ഹൈബി ഈഡൻ തുടങ്ങിയ എം.പിമാരുടെ പേരുകളാണ് പരാതി നൽകിയവരായി പറഞ്ഞു കേൾക്കുന്നത്. എന്നാൽ, ഇതിൽ പലരും ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.

ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളുമായി വിശദമായ ചർച്ചകൾ നടത്തിയാണ് ഡി.സി.സി ഭാരവാഹികളുടെ ഉൾപ്പെടെ പുനഃസംഘടനയ്ക്കുള്ള ചുരുക്കപ്പട്ടിക തയ്യാറാക്കിയതെന്നും അപ്പോഴൊന്നുമില്ലാത്ത അഭിപ്രായവ്യത്യാസം ഇപ്പോൾ പ്രകടിപ്പിച്ചത് എന്തിനാണെന്ന ചോദ്യവുമാണ് സുധാകരൻ ഉന്നയിക്കുന്നത്. സംസ്ഥാന അദ്ധ്യക്ഷൻ എന്ന നിലയിൽ തന്നോടു പറയാതെ ദേശീയ നേതൃത്വത്തിന് എം.പിമാർ പരാതി നൽകിയതിലും അദ്ദേഹത്തിന് കടുത്ത അമർഷമുണ്ട്.

സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയാണെങ്കിലും കെ.സി. വേണുഗോപാൽ സമീപഭാവിയിൽ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് എത്താനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നാണ് സൂചന. പഴയ എ, ഐ വിഭാഗങ്ങൾ ഇത് മുൻകൂട്ടിക്കണ്ട് ഒന്നിച്ചു നീങ്ങാനുള്ള ആലോചനകളും നടത്തുന്നു. അതിനാൽ കെ.സുധാകരന് നിശബ്ദപിന്തുണ നൽകാനാണ് അവരുടെ നീക്കമെന്നും അറിയുന്നു.

Advertisement
Advertisement