പരശുറാം പുനഃക്രമീകരണത്തിൽ വലഞ്ഞ് പതിവുയാത്രക്കാർ 'സമയം തെറ്റി "

Wednesday 02 March 2022 11:43 PM IST

കണ്ണൂർ: നാഗർകോവിൽ -മംഗളൂരു ലൈനിൽ പരശുറാം എക്സ്പ്രസിന്റെ സമയം പുനക്രമീകരിച്ചത് പതിവുയാത്രക്കാർക്ക് വെല്ലുവിളിയായി.നേരത്തെ വൈകിട്ട് 5.15 ന് കണ്ണൂരിലെത്തിയിരുന്ന ട്രെയിനിനെ ആശ്രയിച്ചായിരുന്നു ജോലി കഴിഞ്ഞ് വടക്കോട്ടുള്ള യാത്രക്കാരുടെ യാത്ര .എന്നാൽ ഇന്നലെ മുതൽ പുതുക്കിയ സമയ പ്രകാരം എഗ് മോർ എക്‌സ്പ്രസിന്റെ സമയമായ അഞ്ച് മണിക്കാണ് പരശുറാം കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് പുറപ്പെട്ടത്.

നേരത്തെ 5.20 ന് പുറപ്പെട്ടിരുന്ന പരശുറാം എക്‌സ്പ്രസ് ഇനി 6.35 ന് മാത്രമേ കണ്ണൂരിൽ എത്തിച്ചേരുകയുള്ളു. എഗ്മോർ ഉച്ചക്ക് ശേഷം മൂന്നിന് കോഴിക്കോട് നിന്നും പുറപ്പെട്ട് വൈകിട്ട് 4.30 ഓടെ കണ്ണൂരിൽ എത്തും. എഗ്മോറിന് ജനറൽ കോച്ചില്ലാത്തതിനാൽ യാത്രക്കാർ റിസർവ്വ് ചെയ്യേണ്ടി വരും. കെ.എസ്.ആർ.ബംഗളുരു എക്‌സ്പ്രസ് 4.50 ന് കണ്ണൂരിൽ നിന്നാണ് പുറപ്പെടുന്നത്. എഗ്മോർ കൂടി വരുന്നതോടെ 20 മിനിട്ട് വ്യത്യാസത്തിൽ മംഗളൂരു ഭാഗത്തേക്ക് രണ്ടു ട്രെയിനുകൾ പോകുമെങ്കിലും ഇതുകൊണ്ട് ജനറൽ കോച്ചിൽ യാത്ര ചെയ്യുന്നവർക്ക് ഗുണമുണ്ടാകില്ല.

.

ചെറുവത്തൂർ വരെ പാസഞ്ചറുണ്ട്,​ അതിനപ്പുറം...

സ്ഥിരം ജോലിക്കാരും വിദ്യാ‌ർത്ഥികളുമടങ്ങുന്നവർക്ക് ഏറെ സൗകര്യപ്രദമായിരുന്നു പരശുറാം എക്സ്പ്രസ് .ഈ വലിയ വിഭാഗം യാത്രക്കാർക്ക് നേരത്തെ വീട്ടിലെത്താൻ ആശ്രയമായത് പരശുറാം എക്സപ്രസ് ആണ്. യാത്രക്കാരെ വലച്ച് കൊണ്ടുള്ള പുതിയ സമയക്രമീകരണത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

വൈകിട്ട് അഞ്ചിന് ജോലി കഴിഞ്ഞെത്തുന്നവർക്ക് 5.25 ന് കണ്ണൂരിൽ നിന്നും പുറപ്പെടുന്ന ചെറുവത്തൂർ പാസഞ്ചർ വണ്ടിയാണ് ഇനിമുതൽ ഇവരുടെ ആശ്രയം.എന്നാൽ ചെറുവത്തൂരിന് വടക്കുള്ള യാത്രക്കാർ വലിയ പ്രയാസം നേരിടും.ചെന്നൈ എഗ്മോറിൽ നിന്ന് മംഗളുരുവിലേക്ക് പോകുന്ന എക്മോർ എക്‌സ്പ്രസ് ട്രെയിന്റെ സമയം നേരത്തെ ആക്കിയതാണ് പരശുറാം എക്സ്പ്രസ് വൈകിച്ചതിന് കാരണം.

തുഗ്ലക് പരിഷ്കാരങ്ങളാണ് റെയിൽ വെ നടപ്പിലാക്കികൊണ്ടിരിക്കുന്നത്.പുതിയ സമയ പുനക്രമീകരണം ജോലിക്കാരും വിദ്യാ‌ത്ഥികളുമുൾപ്പെടുന്ന സ്ഥിരം യാത്രക്കാരെ ദ്രോഹിക്കുന്ന നടപടിയാണ്.പരശുറാം യാത്രക്കാരിൽ വലിയ വിഭാഗം ആശ്രയിക്കുന്ന വണ്ടിയാണ്.അടിയന്തരമായി ഈ നടപടി പിൻവലിക്കണം.

അഡ്വ.റഷീദ് കവ്വായി,ചെയർമാൻ,നോർത്ത് മലബാർ റെയിൽ വെ പാസഞ്ചേ‌ർസ് കോ-ഒാ‌ർഡിനേഷൻ കമ്മിറ്റി

ഉദ്യോഗസ്ഥർക്കും സ്ഥിരം യാത്രക്കാർക്കും ഏറെ ആശ്രയമായിരുന്നു വൈകീട്ട് 5.20 ന് പുറപ്പെടുന്ന പരശുറാം എക്സ്പ്രസ്.നേരത്തെ വീടുകളിലെത്താം.എന്നാൽ ഇനി മുതൽ 5:30 ന് പുറപ്പെടുന്ന ചെറുവത്തൂർ പാസഞ്ചർ ട്രെയിനെ ആശ്രയിക്കേണ്ടി വരും.എന്നാൽ വളരെ വൈകി മാത്രമേ വീട്ടിൽ തിരിച്ചെത്താൻ കഴിയു.

കെ.ധന്യ ,സർക്കാർ ഉദ്യോഗസ്ഥ,കണ്ണൂർ

Advertisement
Advertisement