ഉത്രാളിക്കാവിൽആരവം പെയ്‌തൊഴിഞ്ഞു, പൊങ്ങിലിടിയോടെ പൂരത്തിന് സമാപനം

Thursday 03 March 2022 12:06 AM IST

വടക്കാഞ്ചേരി: പൂരാരവം പെയ്‌തൊഴിഞ്ഞു, ചരിത്രപ്രസിദ്ധമായ ഉത്രാളിക്കാവ് പൂരത്തിന്റെ ബഹുവർണക്കാഴ്ചകൾ നെഞ്ചേറ്റിയാണ് പങ്കാളിത്ത ദേശങ്ങളും പൂരപ്രേമികളും ഉത്സവപ്പറമ്പിൽ നിന്നും വിടവാങ്ങി. കൊവിഡിന്റെ വരവോടെ നിയന്ത്രണങ്ങളിൽ ഒതുങ്ങിയ പൂരം വീണ്ടും പ്രൗഢിയോടെ ആഘോഷിക്കാൻ കഴിഞ്ഞതിന്റെ ആഹ്‌ളാദത്തിലാണ് തട്ടകദേശങ്ങൾ. ആചാരവൈവിദ്ധ്യം നിറഞ്ഞ പൊങ്ങലിടിയോടെയാണ് പൂരച്ചടങ്ങുകൾക്ക് സമാപനമായത്.

ഇന്നലെ പുലർച്ചെ വർണാഭമായ വെടിക്കെട്ട് നടന്നു. തുടർന്ന് ഗജവീരൻമാരോടു കൂടി കൂട്ടിയെഴുന്നള്ളിപ്പും നടന്നു. തുടർന്ന് ആരവം തീർത്ത് മേളം,​ ഹരിജൻവേല എന്നിവയുണ്ടായി. തുടർന്നാണ് സമാപനദിനത്തിലെ വിശേഷച്ചടങ്ങായ പൊങ്ങലിടി നടന്നത്. ദേശത്തെ വെളിച്ചപ്പാടിന്റെയും നിരവധി ഭക്തരുടെയും നിറസാന്നിദ്ധ്യത്തിലാണ് പൊങ്ങലിടിച്ചടങ്ങ് നടത്തുന്നത്. ചടങ്ങിനാവശ്യമായ ഉരൽ, മഞ്ഞൾ എന്നിവ ഉൾപ്പെടെ നൽകുന്നത് പൂക്കുന്നത്ത് തറവാട്ടുകാരുടെ പാരമ്പര്യ അവകാശമാണ്.

ഉരലിലിട്ട മഞ്ഞൾ കോമരവും സ്ത്രീ ജനങ്ങളും ഉൾപ്പെടെയുള്ളവർ ചേർന്ന് ഇടിച്ചുചതച്ചശേഷം കോമരം മഞ്ഞൾ ഭക്തർക്ക് പ്രസാദമായി നൽകി. ഇത് ഭവനങ്ങളിൽ സൂക്ഷിച്ചാൽ സർവരോഗ നിവാരണവും ഐശ്വര്യവും കുടുംബങ്ങളിൽ വിളയാടുമെന്നാണ് വിശ്വാസം. പള്ളിയത്ത് മാധവൻ നായരാണ് കോമരം. തുടർന്ന് ഉപചാരം ചൊല്ലിയാണ് പൂരത്തിന് സമാപനമായത്.

വടക്കാഞ്ചേരി, കുമരനെല്ലൂർ, എങ്കക്കാട് തുടങ്ങിയവയാണ് പൂരത്തിലെ പ്രധാന ദേശക്കാർ. ദിവസങ്ങൾ നീണ്ട പൂരത്തിന്റെ വിവിധ ദേശങ്ങളൊരുക്കുന്ന പൂരാഘോഷവും വിസ്മയക്കാഴ്ചകളും കാണാൻ ഇനി ഒരു വർഷം നീണ്ട കാത്തിരിപ്പ്.

Advertisement
Advertisement