തേനൊഴുക്കി കെണി

Thursday 03 March 2022 12:14 AM IST

  • കുടുങ്ങുന്നതിൽ കൂടുതൽ വമ്പൻമാർ


തൃശൂർ: ജില്ലയിൽ ഹണി ട്രാപ്പിൽ കുടുങ്ങുന്നവർ കൂടുന്നു. കുടുങ്ങുന്നവരിലേറെയും വമ്പൻമാർ. കഴിഞ്ഞ ദിവസം നഗരത്തിലെ ഒരു ഡോക്ടർക്ക് കെണിയൊരുക്കി പണം തട്ടാൻ ശ്രമിച്ച രണ്ട് സ്ത്രീകളെ തന്ത്രപരമായാണ് വലയിലാക്കിയത്. കെണിയിൽപ്പെടുന്ന ഭൂരിഭാഗവും പൊലീസിന്റെ അടുക്കൽ പരാതിയുമായി എത്താറില്ല. അതിനാൽ ലക്ഷങ്ങളുടെ നഷ്ടവും ചതിയും നടന്നിരിക്കാമെന്നാണ് നിഗമനം.

നാണക്കേട് ഭയന്നാണ് പലരും പൊലീസ് സമീപിക്കാത്തത്. ഫോണിലേക്ക് അപരിചിതരുടെ സന്ദേശം ആദ്യം എത്തും,​ റുപടി സന്ദേശം നൽകിയാൽ പതിയെ വലയിലാക്കുകയും പണം തട്ടുകയുമാണ് ഹണി ട്രാപ്പുകാരുടെ രീതി. വല പൊട്ടിക്കാൻ തൃശൂരിലെ ഡോക്ടർ കാണിച്ച ധൈര്യം മൂലമാണ് ഇവരെ വലയിലാക്കാൻ കഴിഞ്ഞത്. ഡോക്ടറെ നിരന്തരം വാട്‌സാപ്പ് കോളിലൂടെ പണത്തിനായി ഭീഷണപ്പെടുത്തിയിരുന്നയാളെ ഉടൻ പിടികൂടുന്നതിനുള്ള നീക്കത്തിലാണ് പൊലീസ്.

വിദേശത്തുള്ള ഷാൻ എന്നയാളാണ് ആസൂത്രകനെന്നാണ് പൊലീസ് കരുതുന്നത്. ആരെയൊക്കെ ഈവിധം കെണിയിൽപ്പെടുത്തിയെന്നത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുന്നു. ഇയാളെ പിടികൂടാൻ സി.ബി.ഐ മുഖേന ഇന്റർപോളിന്റെ സഹായം തേടാനുള്ള ശ്രമത്തിലാണ് പൊലീസ്. മണ്ണുത്തി സ്വദേശിനി നൗഫിയ, കായംകുളം സ്വദേശിനിയും വിവാഹിതയുമായ നിസ എന്നിവരാണ് ഈ കേസിൽ പിടിയിലായത്.

  • ആദ്യം ആവശ്യപ്പെട്ടത് പത്ത് ലക്ഷം

ഡോക്ടറിൽ നിന്ന് ആദ്യം ആവശ്യപ്പെട്ടത് പത്ത് ലക്ഷമാണ്. പിന്നിട് അഞ്ചു ലക്ഷമായി, ഒടുവിൽ പൊലീസ് നിർദ്ദേശപ്രകാരം മൂന്നു ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞാണ് പ്രതികളെ പൊലീസ് തൃശൂരിൽ എത്തിച്ചത്.
ഡോക്ടറുടെ വാട്‌സാപ്പിലേക്ക് മണ്ണുത്തി സ്വദേശി നൗഫിയയുടെ സന്ദേശമാണ് എത്തിയിരുന്നത്. പരിചയമില്ലാത്ത ആളുടെ സന്ദേശമായതിനാൽ ഡോക്ടർ ആദ്യം പ്രതീകരിച്ചില്ല. പിന്നെ ഭീഷണിയായി,​ പണം ചോദിക്കലായി. പീഡിപ്പിച്ചുവെന്ന് പരാതി നൽകുമെന്നായി. വഴങ്ങില്ലെന്ന് മനസിലായപ്പോഴാണ് സൗദിയിൽ നിന്ന് വാട്‌സാപ്പ് കോളുകൾ വന്നു തുടങ്ങിയത്. ഈ വിളി സ്ഥിരമായപ്പോഴാണ് ഡോക്ടർ പൊലീസിനെ സമീപിച്ചത്. പിന്നീട് സന്ദേശങ്ങൾ അയച്ചതെല്ലാം പൊലീസ് നിർദ്ദേശ പ്രകാരമായിരുന്നു. എറ്റവും ഒടുവിൽ ബംഗളൂരുവിൽ നിന്ന് ഒരു യുവതി പണം കൈപ്പറ്റാൻ വരുമെന്നായിരുന്നു സന്ദേശം.

  • ബംഗളൂരുവിൽ നിന്ന്

പണം വാങ്ങാനായി നിസ എത്തിയത് ബംഗളൂരുവിൽ നിന്നായിരുന്നു. തൃശൂരിൽ ട്രെയിനിറങ്ങിയ യുവതി ഡോക്ടറെ വാട്‌സാപ്പിൽ ബന്ധപ്പെട്ട് സ്ഥലവും സമയവും അറിയിച്ചു. പണം കൈപ്പറ്റാൻ യുവതി ഡോക്ടറുടെ കാറിന് സമീപം എത്തിയപ്പോൾ വനിതാ പൊലീസ് സംഘവും തൃശൂർ എ.സി.പി: വി.കെ. രാജുവും വെസ്റ്റ് എസ്.ഐ ബൈജുവും ഉൾപ്പെട്ട പൊലീസ് ടീം പിടികൂടുകയായിരുന്നു. കായംകുളം സ്വദേശിനിയായ നിസ (29)​ ബംഗളൂരുവിൽ ഫിറ്റ്‌നസ് ട്രെയിനറാണ്.

  • മുങ്ങാതിരിക്കാൻ പിൻതുടർന്ന് നൗഫിയ

നിസയെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ നിരവധി കോളുകൾ ഇവരുടെ ഫോണിലേക്കെത്തി. സ്പീക്കറിൽ സംസാരിക്കാൻ പൊലീസ് നിർദ്ദേശം നൽകി. കിട്ടിയ പണവുമായി മുങ്ങരുതെന്നും താൻ വേഗം എത്താമെന്നും പറഞ്ഞായിരുന്നു മണ്ണുത്തി സ്വദേശി നൗഫിയയുടെ ഫോൺ. തുടർന്ന് പൊലീസ് നൗഫിയയെയും പൊക്കി.


ഹണി ട്രാപ്പ് ആസൂത്രകനെ ഉടൻ പിടികൂടും. ഇത്തരം ചതിയിൽ വീഴുന്നവർ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കണം.

- വി.കെ. രാജു, എ.സി.പി,​ തൃശൂർ

Advertisement
Advertisement