യാത്രയായത് കുട്ടനാടിന്റെ ഇതിഹാസകാരൻ

Friday 04 March 2022 12:00 AM IST

1941ൽ കുട്ടനാട്ടിലെ കുട്ടമംഗലത്ത് ചെറുകാലിൽ ജാനകിയുടെ വീട്ടിൽവച്ച് രൂപംകൊണ്ട തിരുവിതാംകൂർ കർഷകതൊഴിലാളി യൂണിയന്റെ സ്ഥാപക പ്രസിഡന്റ് എന്റെ പിതാവ് വർഗീസ് വൈദ്യനായിരുന്നു. സെക്രട്ടറി എസ്.കെ ദാസും വൈസ് പ്രസിഡന്റ് വി.എസ് അച്യുതാനന്ദനും. 'ലാൽസലാം' സിനിമ എഴുതുന്നതിനുവേണ്ടി പഴയ കുട്ടനാട്ടിലെ കമ്മ്യൂണിസ്റ്റ് കഥകൾ ചോദിച്ചപ്പോഴെല്ലാം എന്റെ പിതാവ് വർഗീസ് വൈദ്യൻ പറഞ്ഞിരുന്ന ഒരു പേരാണ് എൻ.കെ കമലാസനന്റേത്. 'രക്തസാക്ഷികൾ സിന്ദാബാദ്' എന്ന സിനിമയും പുറത്തുവന്നതിനുശേഷമാണ് 'കുട്ടനാടും കർഷകതൊഴിലാളി പ്രസ്ഥാനവും' എന്ന എൻ.കെ കമലാസനന്റെ പുസ്തകം വായിച്ചത്. ജീവിതം പിച്ചവച്ച നാടിന്റെ ചരിത്രം അന്വേഷിച്ച് ഒരു പതിറ്റാണ്ടിലധികം അദ്ദേഹം നടത്തിയ പരിശ്രമങ്ങളുടെ ഫലമാണ് ആ പുസ്തകം . ജന്മിത്വത്തിനെതിരായ പോരാട്ടത്തിന്റെയും കൊടിയ മർദനങ്ങളുടെയും അറിയാകഥകൾ അറിഞ്ഞതുമുതൽ എൻ.കെ കമലാസനനെ നേരിൽ കാണാൻ കൊതിച്ചിരുന്നു. അവിചാരിതമായാണ് കൽപകവാടിയിലെ എന്റെ വീട്ടിലേക്ക് വൈക്കം നഗരസഭയുടെ മുൻചെയർമാനും മാദ്ധ്യമപ്രവർത്തകനുമായ അനിൽ ബിശ്വാസിനൊപ്പം കമലാസനൻ ചേട്ടൻ എത്തിയത്. അവർ വന്നത് എന്നെ വിസ്മയിപ്പിച്ച 'കുട്ടനാടും കർഷകതൊഴിലാളി പ്രസ്ഥാനവും' എന്ന പുസ്തകത്തെ ആസ്പദമാക്കി അനിൽ ബിശ്വാസ് നിർമിക്കുന്ന ഡോക്യുമെന്ററിയുടെ രചനയും സംവിധാനവും നിർവഹിക്കണമെന്ന അഭ്യർത്ഥനയുമായിട്ടായിരുന്നു. അതെന്റെ കടമയായി കരുതി സന്തോഷപൂർവമാണ് ആ ചുമതല ഏറ്റെടുത്തത്. കുട്ടനാടിന്റെ ഇതിഹാസം എന്ന് ഇ.എം.എസ് വിശേഷിപ്പിച്ച ആ പുസ്തകത്തിലെ സമരകഥകൾ ഇതേപേരിൽ ഡോക്യുഫിക്‌ഷൻ ആയി പിന്നീട് കൗമുദി ചാനൽ സംപ്രേഷണം ചെയ്തു. പിൽക്കാലത്ത് പിതാവിന്റെ സുഹൃത്ത് എന്ന നിലയിൽനിന്നും പിതൃതുല്യനായ പ്രിയപ്പെട്ട ഒരാളായി കമലാസനൻ ചേട്ടൻ മാറി. എന്റെ പിതാവിനെക്കുറിച്ച് തയ്യാറാക്കിയ 'വർഗീസ് വൈദ്യന്റെ ആത്മകഥ'യുടെ അവതാരിക എഴുതി തരണമെന്ന് അദ്ദേഹത്തോട് ഞാൻ അഭ്യർത്ഥിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടി ഇപ്പോഴും കണ്ണുകളെ ഈറനണിയിക്കുന്നതാണ്. 'എന്റെ ആയുസ് നീട്ടിക്കിട്ടിയത് ഒരുപക്ഷേ വൈദ്യന്റെ പുസ്തകത്തിന് അവതാരിക എഴുതുന്നതിനുവേണ്ടിയാ യിരിക്കാം' എന്നാണ് രോഗാതുരനായ കമലാസനൻ ചേട്ടൻ പറഞ്ഞത്. നിന്റെ ശബ്ദം കേൾക്കാൻ വേണ്ടിയെന്നു പറഞ്ഞ് ഇടക്കിടെ അദ്ദേഹം വിളിക്കുമായിരുന്നു. രണ്ടുമൂന്നു മാസങ്ങൾക്ക് മുൻപാണ് അദ്ദേഹത്തെ വീട്ടിൽപോയി കണ്ടത്. കുട്ടനാടിന്റെ ചരിത്രകാരൻ യാത്ര പറയുമ്പോൾ പിതാവ് മരിച്ചപ്പോഴുള്ള വേദന തന്നെയാണുള്ളത്.

Advertisement
Advertisement