യുക്രെയിൻ: കേന്ദ്ര സർക്കാർ നിലപാടിന് പ്രതിപക്ഷ പിന്തുണ

Friday 04 March 2022 1:14 AM IST

ന്യൂഡൽഹി: ഐക്യരാഷ്‌ട്ര സഭയിൽ യുക്രെയിൻ വിഷയത്തിൽ റഷ്യയെ പിണക്കാതെയുള്ള കേന്ദ്രസർക്കാർ നിലപാടിന് പ്രതിപക്ഷ പിന്തുണ. യുക്രെയിനിൽ നിന്നുള്ള ഇന്ത്യക്കാരുടെ ഒഴിപ്പിക്കൽ വൈകിയെങ്കിലും യു.എന്നിലെ നിലപാടിൽ അടക്കം സർക്കാരിനെ പിന്തുണയ്ക്കുകയാണെന്ന് ഇന്നലെ ചേർന്ന വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട പാർലമെന്ററി കമ്മിറ്റിയിൽ കോൺഗ്രസ് അടക്കം പ്രതിപക്ഷ എംപിമാർ വ്യക്തമാക്കി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും കമ്മിറ്റിയിൽ പങ്കെടുത്തു.

ചൈനയും പാകിസ്ഥാനും റഷ്യയോട് കൂടുതൽ അടുക്കുന്നത് ഇന്ത്യയ്‌ക്ക് ആശങ്കയുണ്ടാക്കുന്ന വിഷയമാണെങ്കിലും യുക്രെയിനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന കാര്യത്തിലാണ് ഇപ്പോൾ മുൻഗണന നൽകേണ്ടതെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. ഒഴിപ്പിക്കൽ സംബന്ധിച്ച ഇന്ത്യൻ എംബസിയുടെ പ്രതികരണങ്ങളും അറിയിപ്പുകളും വൈകിയെന്നും ആശയക്കുഴപ്പമുണ്ടാക്കിയെന്നും യോഗത്തിൽ പങ്കെടുത്ത കോൺഗ്രസ് എംപിമാരായ ആനന്ദ് ശർമ്മയും ശശി തരൂരും ചൂണ്ടിക്കാട്ടി.

വിദ്യാർത്ഥികൾക്ക് ക്ലാസുകളുടെയും മറ്റും കാര്യത്തിലുള്ള ആശയക്കുഴപ്പമാണ് ഒഴിപ്പിക്കൽ വൈകിച്ചതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ വിശദീകരിച്ചു. ഒഴിപ്പിക്കൽ സംബന്ധിച്ച വിശദവിവരങ്ങൾ അദ്ദേഹം അംഗങ്ങളെ ധരിപ്പിച്ചു. യുഎന്നിലെ നിലപാടിനെ പിന്തുണച്ച പ്രതിപക്ഷത്തിന് ജയ്‌ശങ്കർ നന്ദി പറഞ്ഞു. യുക്രെയിൻ വിഷയത്തിലെ തന്ത്രപരവും മാനുഷികവുമായ വശങ്ങൾ കമ്മിറ്റിയിൽ ചർച്ചയായെന്നും അദ്ദേഹം അറിയിച്ചു.

ചില കാര്യങ്ങളിൽ സർക്കാരിനെ കുറ്റപ്പെടുത്തിയെങ്കിലും രാജ്യതാത്പര്യ വിഷയങ്ങളിൽ കക്ഷിഭേദമന്യേ എല്ലാവരും ഒന്നാണെന്ന് ശശി തരൂർ യോഗത്തിന് ശേഷം പറഞ്ഞു. കോൺഗ്രസ്, ബി.ജെ.പി അടക്കം ആറ് പാർട്ടികളിലെ 9 എംപിമാർ കമ്മിറ്റിയിൽ പങ്കെടുത്തു.

Advertisement
Advertisement