ഭക്ഷണം കഴിക്കുന്നവർ കൃഷിചെയ്യാനും ബാദ്ധ്യസ്ഥർ:മന്ത്രി പി.പ്രസാദ്

Friday 04 March 2022 12:37 AM IST

തിരുവനന്തപുരം.ഒരു നേരത്തെ ഭക്ഷണം കഴിക്കുന്നുണ്ടെങ്കിൽ,കൃഷി ചെയ്യുവാനും നാം ബാദ്ധ്യസ്ഥരാണെന്നും പണം ഉണ്ടെങ്കിൽ എന്തും വാങ്ങാമെന്ന് കരുതുന്നത് മിഥ്യയാണെന്നും മന്ത്രി പി.പ്രസാദ് പറഞ്ഞു. തിരുവനന്തപുരത്ത് കല്ലിയൂർ കൃഷിഭവന്റെ നേതൃത്വത്തിൽ കിരീടം പാലത്തിനടുത്ത് പണ്ടാരക്കരി പാടശേഖരത്തിലെ 25 ഏക്കർ തരിശുനില നെൽകൃഷിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നെൽകൃഷിയിൽ സ്വയംപര്യാപ്തത എന്നത് സാദ്ധ്യമല്ലെങ്കിൽപ്പോലും നിലവിലെ നെൽവയലുകൾ കാത്തുസൂക്ഷിക്കേണ്ടത് നിലനിൽപ്പിന്റെ തന്നെ ആവശ്യമാണ്.ഭൗതിക സാഹചര്യങ്ങൾക്ക് നൽകുന്ന പ്രാധാന്യം കൃഷിക്കുകൂടി നൽകിയാൽ മാത്രമേ നല്ല ഭക്ഷണം കഴിക്കാൻ യോഗമുണ്ടാകൂവെന്നും മന്ത്രി പറഞ്ഞു.എം. വിൻസെന്റ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ സുരേഷ്‌ഗോപി എം.പി. മട്ടുപ്പാവിലെ പച്ചക്കറി കൃഷി പദ്ധതിയുടെ ഭാഗമായുളള പച്ചക്കറിത്തൈ വിതരണം നിർവഹിച്ചു.കല്ലിയൂർ ഗ്രാമപഞ്ചായത്തിലെ മുതിർന്ന കർഷകനായ കുരുശൻ നാടാരെ മന്ത്രി പൊന്നാടയണിയിച്ചു.സുഭിക്ഷം - സുരക്ഷിതം കല്ലിയൂർ പദ്ധതിയുടെ ഭാഗമായുളള ഫലവൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം അഡ്വ.എം.വിൻസെന്റ് എം.എൽ.എ നിർവഹിച്ചു.തിരുവനന്തപുരം പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ.എം.രാജു പദ്ധതി വിശദീകരണം നടത്തി.കെട്ടിനാട്ടി കൃഷിരീതിയുടെ വിശകലനം സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.കെ.സത്താർ നിർവഹിച്ചു.നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.കെ.പ്രീജ,കല്ലിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത.വി,ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ് എന്നിവർ സംസാരിച്ചു.കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ചന്തുകൃഷ്ണ സ്വാഗതവും കല്ലിയൂർ കൃഷി ഓഫീസർ സ്വപ്ന.സി നന്ദിയും പറഞ്ഞു.

Advertisement
Advertisement