തലമുറമാറ്റത്തിലും തലപ്പത്ത് കോട്ടയം

Saturday 05 March 2022 12:19 AM IST

കോട്ടയം : തലമുറ മാറ്റത്തിലൂടെ പുതിയ പ്രവർത്തന മേഖലയിലേയ്ക്ക് കടക്കുന്ന സി.പി.എമ്മിന്റെ സംസ്ഥാന നേതൃനിരയിലേയ്ക്ക് ജില്ലയ്ക്കും തലപ്പൊക്കം. പ്രായപരിധിയുടെ പേരിൽ രണ്ടുപേർ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവായപ്പോൾ രണ്ടുപേർ സംസ്ഥാനസമിതിയിൽ ഉൾപ്പെട്ടും ഒരാൾക്ക് സെക്രട്ടേറിയറ്റിലേയ്ക്ക് സ്ഥാനം കയറ്റം നൽകിയും ജില്ല കരുത്ത് നേടി. സംസ്ഥാന സമ്മേളന പ്രതിനിധി പോലുമല്ലാതിരുന്ന അഡ്വ.കെ.അനിൽകുമാറിന് പ്രവർത്തന മികവാണ് സംസ്ഥാന സമിതിയിലേയ്ക്ക് തുണച്ചത്. ഒഴിവായ വൈക്കം വിശ്വൻ, കെ.ജെ.തോമസ് എന്നിവർ പ്രത്യേക ക്ഷണിതാക്കളായി തുടരുമ്പോൾ മന്ത്രി വി.എൻ.വാസവൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി. ജില്ലാ സെക്രട്ടറി എ.വി.റസൽ, സെക്രട്ടേറിയറ്റംഗം അഡ്വ.കെ.അനിൽകുമാർ എന്നിവരാണ് സംസ്ഥാന സമിതിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സുരേഷ് കുറുപ്പ്, അഡ്വ.പി.കെ.ഹരികുമാർ, ജെയ്ക് സി.തോമസ് എന്നിവരുടെ പേര് ഉയർന്നിരുന്നെങ്കിലും അവസാനവട്ടം അനിൽകുമാർ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. ഡി.വൈ.എഫ്.ഐ കാലത്തെ പ്രവർത്തന മികവ്, പാർട്ടിയുടെ ബൗദ്ധിക മുഖം, ചാനൽ ചർച്ചകളിൽ പഠിച്ച് പക്വതയോടെയുള്ള പ്രതികരണം എന്നിവയെല്ലാം മുതൽക്കൂട്ടായി. സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ പിന്തുണയും അനിൽകുമാറിന് തുണയായി.

ഒഴിവാകുന്നത് പ്രതിസന്ധി കാലത്ത് നയിച്ചവർ
വൈക്കം വിശ്വൻ, കെ.ജെ.തോമസ് എന്നിവർ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാകുന്നത് പാർട്ടിക്ക് നഷ്ടമാണ്. പ്രതിസന്ധി കാലത്ത് ജില്ലയിൽ പാർട്ടിയെ സജീവായി നയിച്ചിരുന്നവരാണ് ഇരുവരും. പി.കെ.ഹരികുമാറിന്റെ പേര് കൺട്രോൾ കമ്മിഷനിലേയ്ക്കും ഉയർന്നു കേട്ടിരുന്നെങ്കിലും പരിഗണിച്ചില്ല. തൃശൂർ ജില്ലയുടെ പ്രതിനിധിയായി സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇടംപിടിച്ച പി.കെ.ബിജു മാഞ്ഞൂർ സ്വദേശിയാണ്.

കൂടുതൽ കരുത്തനായി വി.എൻ.വി

സെക്രട്ടേറിയറ്റിൽ ഇടംപിടിച്ചതോടെ വി.എൻ.വാസവൻ കൂടുതൽ കരുത്തനായി. ജില്ലാ സെക്രട്ടറിയായുള്ള പ്രവർത്തന മികവാണ് ആദ്യം മന്ത്രിയായും ഇപ്പോൾ സെക്രട്ടേറിയറ്റ് അംഗമായും തിരഞ്ഞെടുക്കപ്പെടാൻ ഇടയാക്കിയത്. കേരള കോൺഗ്രസിനെ മുന്നണിയിലെത്തിച്ച് മദ്ധ്യ കേരളത്തിൽ മുന്നണിയ്ക്ക് തലയെടുപ്പുണ്ടാക്കിയതും സംസ്ഥാന നേതൃത്വത്തിന്റെ പ്രീതിക്ക് കാരണമായി.

Advertisement
Advertisement