നിരാശയുടെ പാത: കരകയറാതെ വാഹനലോകം; ടൂവീലർ വിപണിക്ക് വൻ ക്ഷീണം

Saturday 05 March 2022 3:04 AM IST

കൊച്ചി: ആഭ്യന്തര വാഹനവിപണി നേരിടുന്ന കനത്ത വില്പനനഷ്‌ടം ഫെബ്രുവരിയിലും തുടർന്നു. ഉപഭോക്താക്കളിൽ നിന്ന് വൻ ഡിമാൻഡുണ്ടായിട്ടും അതിനൊത്ത ഉത്പാദനം സാധിക്കാത്തതാണ് തിരിച്ചടി. സെമികണ്ടക്‌ടർ (മൈക്രോചിപ്പ്)​ ക്ഷാമവും അസംസ്കൃതവസ്തുക്കളുടെ ഉയർന്നവിലയുമാണ് ഉത്പാദനക്കുറവിന് മുഖ്യകാരണം.

13.74 ലക്ഷം

ഫെബ്രുവരിയിൽ പുതുതായി നിരത്തിലെത്തിയത് 13.74 ലക്ഷം വാഹനങ്ങളാണെന്ന് ഡീലർമാരുടെ കൂട്ടായ്‌മയായ ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസ് (ഫാഡ)​ വ്യക്തമാക്കി. 2021 ഫെബ്രുവരിയിലെ 15.13 ലക്ഷം യൂണിറ്റുകളേക്കാൾ 9.21 ശതമാനം കുറവാണിത്.

നിരാശക്കണക്കുകൾ

(കഴിഞ്ഞമാസം വിവിധ ശ്രേണികളുടെ വില്പനയും വളർച്ചാനിരക്കും)​

 2 വീലർ 9.83 ലക്ഷം -10.67%

 3 വീലർ 38,​961 +16.64%

 പി.വി 2.38 ലക്ഷം -7.84%*

 ട്രാക്‌ടർ 50,​304 -18.87%

 വാണിജ്യം 63,​797 +7.41%

*കാർ,​ വാൻ,​ എസ്.യു.വി എന്നിവ ഉൾപ്പെടുന്നതാണ് പി.വി അഥവാ പാസഞ്ചർ വാഹനശ്രേണി.

ക്രൂഡും ഭീഷണി

രാജ്യാന്തര ക്രൂഡോയിൽ വില 9 വർഷത്തിന് ശേഷം ആദ്യമായി 120 ഡോളറിനടുത്ത് എത്തിയതിനാൽ ഇന്ത്യയിൽ പെട്രോൾ,​ ഡീസൽവില ലിറ്ററിന് 10-15 രൂപ കൂടാനിടയുണ്ട്. ഉപഭോക്താക്കൾ വാഹനം വാങ്ങുന്ന തീരുമാനം മാറ്റാൻ ഇതിടയാക്കിയേക്കുമെന്ന ഭീതി വിപണിക്കുണ്ട്.

പുതിയ ഉയരത്തിൽ

ഇലക്ട്രിക് വാഹന വില്പന

പെട്രോൾ,​ ഡീസൽ വാഹനങ്ങളുടെ വിലവർദ്ധന,​ ഉയർന്ന മെയിന്റനൻസ് ചെലവ്,​ ഇന്ധനവിലക്കയറ്റം തുടങ്ങിയ കാരണങ്ങൾ ഇന്ത്യയിൽ ഇലക്‌ട്രിക് വാഹനങ്ങളുടെ സ്വീകാര്യത കൂടാനിടയാക്കുകയാണ്. ഫെബ്രുവരിയിൽ എല്ലാ ശ്രേണികളിലുമായി ആകെ 53,​929 ഇ-വാഹനങ്ങൾ വിറ്റുപോയി. എക്കാലത്തെയും ഉയർന്ന പ്രതിമാസ വില്പനയാണിത്.

 2021ൽ രാജ്യത്ത് 3.13 ലക്ഷം ഇലക്‌ട്രിക് വാഹനങ്ങൾ വിറ്റഴിഞ്ഞു; ഇത് റെക്കാഡാണ്.

കേരളത്തിനും ഇ-കുതിപ്പ്

 4,189 ഇലക്‌ട്രിക് വാഹനങ്ങളാണ് 2022ൽ ഇതുവരെ കേരളത്തിൽ രജിസ്‌റ്റർ ചെയ്യപ്പെട്ടത്.

 ഫെബ്രുവരിയിൽ മാത്രം 2,​147 ഇ-വാഹനങ്ങൾ കേരളീയർ വാങ്ങി.

 മാർച്ചിൽ ഇതിനകം രജിസ്‌ട്രേഷൻ 321 ഇ-വാഹനങ്ങൾ.

 2021ൽ കേരളത്തിലെ മൊത്തം ഇ-വാഹന വില്പന 8,​695 എണ്ണമായിരുന്നു; ഈവർഷം രണ്ടുമാസത്തിനിടെ തന്നെ ഇതിന്റെ പകുതിയോളം വില്പന നേടിക്കഴിഞ്ഞു.

Advertisement
Advertisement