സ്ഫോടനങ്ങളുടെ നടുക്കുന്ന ഓർമ്മകളിൽ ആദർശ്

Saturday 05 March 2022 12:44 AM IST

ന്യൂഡൽഹി: " ഖാർകീവിൽ നിന്ന് പുറത്തുകടക്കാൻ സഹപാഠികൾക്കൊപ്പം ട്രെയിനിൽ കയറിപ്പറ്റാനുള്ള ശ്രമത്തിലായിരുന്നു പത്തനംതിട്ട മേലെ വെട്ടിപ്രം സ്വദേശി ആദർശ് എസ്. ഭാസ്കർ. പൊടുന്നനെ കേട്ടത് തുടരെത്തുടരെ മൂന്നു സ്ഫോടനങ്ങൾ. ഭയന്നു വിറച്ച് എങ്ങനെയോ ട്രെയിനിൽ കയറിപ്പറ്റി. ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോഴാണ് ശ്വാസം നേരെവീണത്. പക്ഷേ, അധികദൂരം പോകുംമുമ്പ് ട്രെയിൻ നിറുത്തി. ഫോണുകളും ലൈറ്റുകളും ഓഫ് ചെയ്യാൻ ടി.ടി.ഇ പറഞ്ഞു. തൊട്ടടുത്ത നിമിഷം വലിയൊരു സ്ഫോടനശബ്ദം കേട്ടു. എല്ലാവരും നടുങ്ങി. ഭാഗ്യത്തിന് ട്രെയിനിന് അപകടമുണ്ടായില്ല. യാത്ര തുടർന്നു.'- ഹംഗറി അതിർത്തിയിലൂടെ രക്ഷപ്പെട്ട് പ്രത്യേക വിമാനത്തിൽ ഇന്നലെ ഡൽഹിലെത്തിയ ആദർശ് പറഞ്ഞു.

കർണാടക സ്വദേശിയായ മെഡി. വിദ്യാർത്ഥി നവീൻ കൊല്ലപ്പെട്ടതോടെ മലയാളികളടക്കമുള്ള ഇന്ത്യൻ വിദ്യാർത്ഥികൾ പ്രാണഭയത്തോടെയാണ് ഓരോ നിമിഷവും യുദ്ധഭൂമിയിൽ കഴിയുന്ന

ത്. സർക്കാർ പ്രത്യേക ട്രെയിൻ സർവീസ് നടത്തുമെന്ന് അറിഞ്ഞാണ് ആദർശും പതിമൂന്ന് സഹപാഠികളും മാർച്ച് ഒന്നിന് ഖാർകീവിലേക്ക് സ്വന്തം നിലയിൽ പുറപ്പെട്ടത്.

റെയിൽവേ സ്റ്റേഷനിൽ വച്ച് ആദർശും മലയാളികളായ മറ്റു മൂന്നുപേരും കൂട്ടംതെറ്റി. ഒടുവിൽ അവരും ട്രെയിനിൽ കയറിപ്പറ്റുകയായിരുന്നു.

ജീവൻ കൈയിൽ പിടിച്ചാണ് കീവിലും പിന്നീട് ടാക്സിയിൽ ലിവിവിലും എത്തിയത്. അവിടെ നിന്ന് ട്രെയിനിൽ 1500 കിലോമീറ്റർ യാത്ര ചെയ്‌ത് ഹംഗറി അതിർത്തിയായ സഹോണിയിലെത്തി. സഹായത്തിന് റെഡ്ക്രോസുകാർ ഉണ്ടായിരുന്നു. അവർ ടിക്കറ്റ് നൽകി തലസ്ഥാനമായ ബുഡാപെസ്റ്റിലേക്കുള്ള ട്രെയിൻ കയറ്റിവിട്ടു. അവിടെ നിന്നാണ് പ്രത്യേക വിമാനത്തിൽ ഡൽഹിയിലെത്തിയത്.

എസ്.എൻ.ഡി.പി യോഗം 86ാം നമ്പർ പത്തനംതിട്ട ശാഖ പ്രസിഡന്റായ സി.ബി. സുരേഷ്‌കുമാറിന്റെയും ദീപാ ഭാസ്‌കറിന്റെയും മകനാണ് ആദർശ്. കൊല്ലം സ്വദേശി ടിജോ തോമസ്, തിരുവനന്തപുരം സ്വദേശി ബിമൽ ബൈജു, കാഞ്ഞങ്ങാട് സ്വദേശി രാഹുൽ ദേവ് എന്നിവരാണ് ആദർശിനൊപ്പം രക്ഷപ്പെട്ടവർ. ഇന്നലെ ഉച്ചയ്‌ക്കുശേഷം കേരള സർക്കാർ ഏർപ്പെടുത്തിയ ചാർട്ടേഡ് വിമാനത്തിൽ ഇവർ നാട്ടിലേക്ക് തിരിച്ചു.

Advertisement
Advertisement