ആണവനിലയം ആക്രമണം സുരക്ഷാ ഭീഷണി: സെലൻസ്‌കിയുമായി ചർച്ച നടത്തി ബൈഡനും ബോറിസും

Saturday 05 March 2022 12:51 AM IST

കീവ്:റഷ്യൻ സേന യുക്രെയിനിലെ ആണവനിലയം ആക്രമിച്ചതിന് പിന്നാലെ,​

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയുമായി ഫോണിൽ ചർച്ച നടത്തി. റഷ്യ എത്രയും പെട്ടെന്ന് വെടിനിറുത്തൽ നടപ്പാക്കണമെന്ന് ഇരു രാജ്യങ്ങളും വീണ്ടും ആവശ്യപ്പെട്ടു.

ആണവ നിലയത്തിലെ ആക്രമണത്തിലൂടെ

യൂറോപ്പിന്റെ സുരക്ഷയ്‌ക്ക് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഭീഷണി ഉയർത്തിയെന്നും ബോറിസ് പറഞ്ഞു. റഷ്യയ്ക്ക് മേൽ കൂടുതൽ ഉപരോധങ്ങൾ ചുമത്തണമെന്ന് സെലെൻസ്‌കി ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു.

അതേസമയം,​ റഷ്യ ക്ലസ്റ്റർ ബോംബ് ഉൾപ്പെടെ നിരോധിക്കപ്പെട്ട ആയുധങ്ങൾ ഉപയോഗിക്കുന്നതിന് തെളിവുണ്ടെന്ന് നാറ്റോ പറഞ്ഞു.

 റഷ്യൻ ജനറൽ കൊല്ലപ്പെട്ടു

ചെർണീവിൽ റഷ്യൻ വ്യോമാക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരിക്കേറ്റു. രണ്ടു സ്കൂളുകൾ തകർന്നു. വടക്കൻ മേഖലയിൽ നിന്ന് റഷ്യൻ സേന കടന്നുകയറാൻ ശ്രമിക്കുന്ന ചെർണീവ്, കീവിൽ നിന്ന് 120 കിലോമീറ്റർ അകലെയാണ്. കീവിൽ രാത്രി വൈകിയും റഷ്യ സ്ഫോടനങ്ങൾ നടത്തുകയാണ്. കീവിനെ ഉന്നമിട്ട ക്രൂസ് മിസൈൽ തകർത്തതായി യുക്രെയിൻ സൈന്യം അവകാശപ്പെട്ടു.

റഷ്യൻ സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായ മേജർ ജനറൽ ആന്ദ്രേ സുഖോവെത്‌സ്‌കി കൊല്ലപ്പെട്ടെന്നും യുക്രെയിൻ. എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് വെളിപ്പെടുത്തിയില്ല.

 പൂർണമായും റഷ്യൻ നിയന്ത്രണത്തിലായ ഖേഴ്സണിൽ ഭക്ഷ്യ ക്ഷാമം അതിരൂക്ഷം. ജനങ്ങൾ ഭക്ഷണത്തിനായി ക്യൂ നിൽക്കുകയാണ്.

നഗരത്തിൽ റഷ്യൻ സേന ജനങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. രാത്രി കർഫ്യൂ കർശനം. അവശ്യ സാധനങ്ങൾ കൊണ്ടു പോകുന്ന വാഹനങ്ങൾ മാത്രം ഓടും. കാൽനടയാത്രക്കാർക്കും നിയന്ത്രണങ്ങൾ.

 ബി.ബി.സി അടക്കം അന്താരാഷ്ട്ര മാദ്ധ്യമങ്ങളുടെ ഓൺലൈൻ സൈറ്റുകൾക്ക് റഷ്യയിൽ നിയന്ത്രണം.
റഷ്യൻ സേനയെ പറ്റി വ്യാജ വാർത്ത പ്രസിദ്ധീകരിച്ചാൽ 15 വർഷം തടവിനുള്ള ബിൽ പാർലമെന്റ് പാസാക്കി

റഷ്യയ്‌ക്കെതിരെ ഉപരോധങ്ങൾ കടുപ്പിക്കുന്നത് സാഹചര്യം കൂടുതൽ സങ്കീർണമാക്കുമെന്ന് പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ.

നിരവധി റഷ്യൻ കമ്പനികൾക്ക് ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിന്റെ വിലക്ക്

 റഷ്യൻ ആക്രമണത്തിൽ 160 വിദ്യാഭ്യാസ സ്ഥാപനങ്ങൾ തകർന്നു.

 യുക്രെയിൻ വിഷയത്തിൽ ഫിൻലാൻഡ് പ്രസിഡന്റ് സൗലി നിനിസ്റ്റോയുമായി ബൈഡൻ ചർച്ച നടത്തി.

 നാറ്റോ വിദേശ മന്ത്രിമാർ യുക്രെയിനിൽ യോഗം ചേർന്നു.

കീവിലെ മൃഗശാലയിലെ ആറ് സിംഹങ്ങളെയും ആറ് കടുവകളെയും പോളണ്ടിലെ മൃഗശാലയിലേക്ക് മാറ്റി.

വടക്കൻ നഗരമായ ചെർണിഹീവിൽ റഷ്യൻ വ്യോമാക്രമണത്തിൽ 47 മരണം

Advertisement
Advertisement