ഓട്ടോക്കാരൻ ശരവണൻ മേയർ

Saturday 05 March 2022 12:12 AM IST

ചെന്നൈ: തമിഴ്നാട്ടിലെ കുംഭകോണം കോർപ്പറേഷനിൽ മേയറായി തിരഞ്ഞെടുക്കപ്പെട്ടത് ഓട്ടോ ഡ്രൈവറായ കെ. ശരവണൻ. 20 വർഷമായി ഓട്ടോ ഓടിച്ച് കുടുംബം പോറ്റിയിരുന്ന ശരവണൻ (42) ഡ്രൈവർ സീറ്റിൽ നിന്നിറങ്ങി, കുംഭകോണം മേയർ സീറ്റിലേക്ക് മാറിക്കയറി.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിലാണ് പതിനേഴാം വാർഡിൽ നിന്നും ശരവണൻ മത്സരിച്ച് ജയിച്ചത്. ശരവണന്റെ കന്നി മത്സരമായിരുന്നു ഇത്. കുംഭകോണം സിറ്റി കോൺഗ്രസ് മണ്ഡലം വൈസ് പ്രസി‌ഡന്റാണ് ശരവണൻ.

48 വാർഡുള്ള കോർപ്പറേഷനിൽ 42 സീറ്റിലും ഡി.എം.കെ സഖ്യമാണ് ജയിച്ചത്. ഡി.എം.കെയ്ക്കാണ് മേയർ സ്ഥാനമെന്ന് കരുതിയരുന്നിടത്താണ് അപ്രതീക്ഷിതമായി കോൺഗ്രസിന് മേയർ പദവിക്ക് നറുക്ക് വീഴുന്നത്. സഖ്യത്തിൽ രണ്ട് കൗൺസിലർമാർ മാത്രമാണുള്ളതെങ്കിലും മേയർ സ്ഥാനം സഖ്യകക്ഷികൾക്കു കൂടി വീതം വയ്ക്കുന്നതിന്റെ ഭാഗമായി ശരവണൻ മേയറായി. സംസ്ഥാനത്ത് കോൺഗ്രസിന് ലഭിച്ച ഏക മേയർ സീറ്റാണ് കുംഭകോണത്തേത്.

Advertisement
Advertisement