സി.പി.എമ്മിന് വിവേകമുദിക്കുന്നത് പതിറ്റാണ്ടുകൾ കഴിഞ്ഞ്: കെ. സുരേന്ദ്രൻ

Saturday 05 March 2022 12:32 AM IST

കോഴിക്കോട്: പ്രതിപക്ഷത്തിരിക്കുമ്പോൾ സ്വാശ്രയ കോളേജുകളെയും സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരത്തെയും തള്ളിപ്പറഞ്ഞ സി.പി.എമ്മിന് ഭരണത്തിലേറിയപ്പോൾ അതെല്ലാം നടപ്പാക്കാമെന്നായതിന്റെ കാപട്യം ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. മുമ്പ് ട്രാക്ടറിനെതിരെയും കമ്പ്യൂട്ടറിനെതിരെയും സമരം ചെയ്ത പാരമ്പര്യമുള്ള സി.പി.എമ്മുകാർക്ക് ഒന്നോ രണ്ടോ പതിറ്റാണ്ട് കഴിഞ്ഞാലാണ് വിവേകമുദിക്കുകയെന്നും അദ്ദേഹം പരിഹസിച്ചു.

ഉന്നത വിദ്യാഭ്യാസരംഗത്തെ സ്വകാര്യവത്കരണത്തെ അനുകൂലിച്ചതിന്റെ പേരിലാണ് മുൻ അംബാസഡർ ടി.പി. ശ്രീനിവാസനെ എസ്.എഫ്.ഐക്കാർ മർദ്ദിച്ചത്. സി.പി.എം നിലപാട് തിരുത്തുമ്പോൾ കേരളം ഉന്നത വിദ്യാഭ്യാസരംഗത്ത് പത്ത് വർഷം പിറകിലാണ്.

വിദ്യാഭ്യാസമേഖലയിൽ കേന്ദ്ര സർക്കാരിന്റെ നയം പിണറായി വിജയൻ മാതൃകയാക്കുന്നത് നല്ലതുതന്നെ. പക്ഷെ, കേരളത്തിൽ അതിനുള്ള സാഹചര്യമല്ല ഉള്ളത്. ഇവിടെ നിക്ഷേപത്തിനു മുതിർന്ന എൻ.ആർ.ഐക്കാരുടെ ദുരനുഭവം നമ്മുടെ മുമ്പിലുണ്ട്. നിക്ഷേപകരെയും സംരംഭകരെയും ആട്ടിയോടിക്കുന്ന സമീപനമാണ് സി.പി.എമ്മിന്റേത്.

Advertisement
Advertisement