ദേശീയ അംഗീകാര നിറവിൽ പ്രിയ

Saturday 05 March 2022 2:35 AM IST

തിരുവനന്തപുരം: ദാരിദ്ര്യത്തിന്റെ കയ്‌പുനീർ കുടിച്ചായിരുന്നു തച്ചോട്ടുകാവ് സ്വദേശിയും ജനറൽ ആശുപത്രിയിൽ ഗ്രേഡ് വൺ നഴ്സിംഗ് ഓഫീസറുമായ ടി.ആർ.പ്രിയയുടെ ജീവിതം. മെഡിക്കൽ ഫീൽഡിനോട് താൽപര്യമുണ്ടായിരുന്ന പ്രിയയ്‌ക്ക് ഡോക്ടറാകാനായിരുന്നു ആഗ്രഹം. എന്നാൽ, രോഗികളുടെ കണ്ണീരൊപ്പുന്ന നഴ്‌സാകാനായിരുന്നു വിധി. പ്ളസ് ടുവിന് ശേഷം മെഡിക്കൽ എൻട്രൻസ് എഴുതിയെങ്കിലും നേമത്തെ ഹോമിയോ മെഡിക്കൽ കോളേജിൽ ആയിരുന്നു പ്രവേശനം ലഭിച്ചത്. ഭാരിച്ച ഫീസ് നൽകാനില്ലായിരുന്നതോടെ പ്രിയ ഡോക്ടർ മോഹം ഉപേക്ഷിച്ചു. ഇതിനിടെ അച്ഛൻ ഉപേക്ഷിച്ചുപോയി. ഒരു പ്രൊഫഷണൽ കോഴ്സ് പഠിക്കാൻ ശ്രമിക്കുമ്പോഴാണ് വീടിന് സമീപത്തുള്ള സതീശൻ എന്ന ചേട്ടൻ പ്രിയയെ നഴ്സിംഗ് വഴിയിലെത്തിച്ചത്. ജനറൽ ആശുപത്രിയിലെ ജീവനക്കാരനായിരുന്ന സതീശൻ, പ്രിയയോട് നഴ്സിംഗ് കോഴ്സിനെ കുറിച്ച് പറഞ്ഞു. തുടർന്ന് അദ്ദേഹം തന്നെ ഇതിനുള്ള അപേക്ഷകളും മറ്റ് കാര്യങ്ങളും ശരിയാക്കി. 2002ൽ തിരുവനന്തപുരം ഗവൺമെന്റ് സ്‌കൂൾ ഒഫ് നഴ്സിംഗിൽ പ്രവേശനം നേടി. രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറം രാജ്യത്തെ ഏറ്റവും മികച്ച കൊവിഡ് വാക്‌സിനേറ്റർക്കുള്ള ദേശീയ അംഗീകാരം ലഭിക്കുമ്പോൾ പ്രിയ അഭിമാനത്തിന്റെ കൊടുമുടിയിലാണ്.

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കേന്ദ്രആരോഗ്യമന്ത്രാലയം എല്ലാ സംസ്ഥാനങ്ങളിൽ നിന്നും രണ്ട് വനിതാ വാക്‌സിനേറ്റർമാരെ ആദരിക്കുന്നുണ്ട്. ജനറൽ ഹോസ്‌പിറ്റലിൽ നിന്ന് പ്രിയയുടെ പേരാണ് നിർദ്ദേശിക്കപ്പെട്ടത്. ജില്ലയിൽ ഏറ്റവും കൂടുതൽ കൊവിഡ് വാക്‌സിൻ നൽകിയത് ഇവിടെയാണ്. 2021ജനുവരി 19 മുതലാണ് ജനറൽ ആശുപത്രിയിൽ കൊവിഡ് വാക്‌സിൻ നൽകിത്തുടങ്ങിയത്. ഇതുവരെ 1.35 ലക്ഷം പേർക്ക് വാക്‌സിൻ നൽകിയപ്പോൾ ആദ്യവസാനം പ്രിയയുടെ കരങ്ങളുണ്ടായിരുന്നു. കൊവിഡിന്റെ അതിരൂക്ഷ വ്യാപനത്തിനിടെ നിരവധി വെല്ലുവിളികളാണ് നേരിടേണ്ടി വന്നതെന്ന് പ്രിയ പറഞ്ഞു. ആദ്യമൊക്കെ ഭയത്തോടെയാണ് എല്ലാവരും തന്നെയും കുടുംബത്തെയും കണ്ടത്. തന്നെയും കുടുംബത്തെയും അകറ്റി നിറുത്തുന്ന സ്ഥിതി വരെയുണ്ടായി. വീട്ടിലെത്തിയാൽ മക്കളെ കൊഞ്ചിക്കാൻ പോലുമാകാത്ത സ്ഥിതിയായിരുന്നു. മക്കൾ അയൽവീടുകളിൽ കളിക്കാൻ പോകുമ്പോൾ ഇന്ന് കളിയില്ല എന്ന് പറഞ്ഞ് തിരിച്ചയയ്‌ക്കുന്ന സ്ഥിതി വരെയുണ്ടായി. ബംഗളൂരുവിൽ നിന്ന് കൊവിഡ് ബാധിച്ചെത്തിയ മകളെ ആംബുലൻസിൽ ഫസ്‌റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് കൊണ്ടുപോയത് കണ്ണീരോടെ നോക്കിനിൽക്കേണ്ടി വന്ന അമ്മയുടെ മുഖവും പ്രിയയുടെ മനസിൽ മായാതെയുണ്ട്. മൂന്ന് തരംഗങ്ങൾക്കിടെ ഒരിക്കൽ പോലും പ്രിയയെ കൊവിഡ് ബാധിച്ചില്ല കൊല്ലം ഇ.എസ്.ഐ.സി ആശുപത്രിയിലെ ജീവനക്കാരനായ ഭർത്താവ് സുന്ദർ സിംഗ് എല്ലാ പിന്തുണയുമായി കൂടെയുണ്ട്. മലയിൻകീഴ് കരിപ്പൂര് ഡ്രീം കാസിലിലാണ് പ്രിയ താമസിക്കുന്നത്. പൂജപ്പുര സെന്റ് മേരിസ് സെൻട്രൽ സ്‌കൂളിലെ ആറാം ക്ളാസ് വിദ്യാർത്ഥി അമൻ, എൽ.കെ.ജി വിദ്യാർത്ഥിനി അമന്യ എന്നിവരാണ് മക്കൾ. തുളസിയാണ് അമ്മ. സഹോദരൻ വിനോദ് കാറ്ററിംഗ് സ്ഥാപനം നടത്തുന്നു.

Advertisement
Advertisement