യുദ്ധമുഖത്ത് നിന്നും നാടിന്റെ കരുതലിൽ അവർ നാട്ടിലെത്തി

Friday 04 March 2022 11:47 PM IST
ഫർഹാൻ അബ്ദുള്ള

തളിപ്പറമ്പ്: ബങ്കറിലെ ഉറക്കമില്ലാത്ത ദിവസങ്ങൾ, നീണ്ട യാത്രകൾ, മണിക്കൂറുകളുടെ കാത്തിരിപ്പ്, ഒടുവിൽ നാടിന്റെ കരുതലിൽ സ്വന്തം നാട്ടിൽ. യുക്രൈനിലെ വിന്നിറ്റ്സിയ നാഷണൽ പിറഗോവ് മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ ആദ്യ വർഷ എം.ബി.ബി.എസ് വിദ്യാർത്ഥികളായ തളിപ്പറമ്പ് പുഷ്പഗിരി ഗാന്ധിനഗറിലെ ജസീൽ മുനീർ, ഏഴാം മൈലിലെ ഫർഹാൻ അഷ്റഫ്, സയ്യിദ് നഗർ അള്ളാംകുളം റോഡിലെ അബ്ദുള്ള റഷീദ് എന്നിവരാണ് ഇന്നലെ രാവിലെയോടെ നാടിന്റെ സ്നേഹത്തിലേക്ക് തിരിച്ചെത്തിയത്.

. മുന്നറിയിപ്പ് ലഭിച്ചയുടനെ കഴിഞ്ഞമാസം 28ന് നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റെടുത്തതാണ് ജസീൽ മുനീർ. മറ്റ് രണ്ടുപേരും മാർച്ച് അഞ്ചിലേക്കും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാൽ പ്രതീക്ഷകൾ തകിടം മറിഞ്ഞു. അപായ സൈറൺ മുഴങ്ങുമ്പോൾ ഓടി ബങ്കറുകളിലേക്ക് ഓടിക്കയറി.. പലപ്പോഴും പുലർച്ചെ രണ്ടു മണിക്കൊക്കെയാണ് സൈറൺ മുഴങ്ങിയിരുന്നത്. നൂറോളം പേരാണ് ഈ ബങ്കറിൽ കഴിഞ്ഞിരുന്നത്.ഇവരുടെ കോൺട്രാക്ടർ കൃത്യ സമയത്ത് ഭക്ഷണം എത്തിച്ചുനൽകിയത് ആശ്വാസമായി. ദിവസങ്ങളുടെ കാത്തിരിപ്പിന് ശേഷം ഹംഗറി അതിർത്തിയിൽ എത്താൻ എംബസിയുടെ അറിയിപ്പ് കിട്ടിയതോടെ ചോപ്പ് റെയിൽവേ സ്റ്റേഷനിലെത്തി . 19 മണിക്കൂർ നീണ്ട യാത്രയും ടിക്കറ്റും മറ്റ് രേഖകളും തയ്യാറാക്കാൻ 15 മണിക്കൂർ നീണ്ട കാത്തിരിപ്പും. രേഖകൾ ലഭിച്ചതിനു ശേഷം സുഹാൻ വഴി ഹംഗറി അതിർത്തിയായ ബുഡാപെസ്റ്റിലെത്തി. എംബസി ഇടപെട്ട് അതിർത്തിയിൽ ത്രീസ്റ്റാർ സൗകര്യമുള്ള താമസ സൗകര്യം ലഭിച്ചു. ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ ബുഡാപെസ്റ്റിൽ വിദ്യാർത്ഥികളെ സ്വീകരിക്കാൻ ഉണ്ടായിരുന്നു. കേന്ദ്രസർക്കാർ ചാർട്ടേഡ് ചെയ്ത വിമാനത്തി ലായിരുന്നു ഇന്ത്യയിലേക്കുള്ള മടക്കം.

ബുഡാപെസ്റ്റ് വിമാന ത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനത്തിൽ 60 ഓളം മലയാളികളുൾപ്പെടെ 200ൽ അധികം പേരാണ് ഉണ്ടായിരുന്നത്. വ്യാഴാഴ്ച രാവിലെയോടെയാണ് വിമാനം ഇന്ത്യ തൊട്ടത്. ഡൽഹി വിമാനത്താവളത്തിൽ മന്ത്രി എ.കെ. ശശീന്ദ്രൻ അടക്ക മുള്ള ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് മലയാളി വിദ്യാർത്ഥികളെ സ്വീകരിച്ചു. പിന്നീട് ഡൽഹി കേരള ഹൗസിൽ. മികച്ച ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യം ലഭിച്ചുവെന്ന് മൂവരും പറഞ്ഞു.

വ്യാഴാഴ്ച രാത്രി ഒൻപതരയോടെ കൊച്ചി എയർപോർട്ടിൽ എത്തി. നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ കെ.എസ്.ആർ.ടി.സിയുടെ എയർകണ്ടീഷൻ 5 ബസുകളാണ് ഏർപ്പെടുത്തിയത്. കാസർകോട് ഭാഗത്തേക്ക് 23 പേരാണുണ്ടായിരുന്നത്. ഈ സംഘത്തിൽ പെട്ട മൂവരും ഇന്നലെ രാവിലെ 6 മണിയോടെ തളിപ്പറമ്പിൽ ഇറങ്ങി. ഇനി ഒരു മാസത്തോളം ഓൺലൈൻ വഴി ക്ലാസ് ഉണ്ടാകുമെന്നാണ് കോളേജിന്റെ അറിയിപ്പ്. സ്ഥിതി ശാന്തമായാൽ യുക്രൈനി ലേക്ക് മടങ്ങാൻ തന്നെയാണ് ഇവരുടെ ആഗ്രഹം.

Advertisement
Advertisement