പഠനം മുടങ്ങിയവരോടു പരിഗണന വേണം

Saturday 05 March 2022 12:25 AM IST

യുദ്ധഭൂമിയായ യുക്രെയിനിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കാനുള്ള 'ഓപ്പറേഷൻ ഗംഗ" മൂന്നുദിവസം കൊണ്ട് പൂർത്തിയാക്കാനാവുമെന്നാണ് കേന്ദ്ര സർക്കാരിന്റെ കണക്കുകൂട്ടൽ. യുക്രെയിനിൽ നിന്ന് അയൽ രാജ്യങ്ങളിലെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിയ വിദ്യാർത്ഥികളെ കൊണ്ടുവരാൻ കൂടുതൽ വിമാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഒഴിപ്പിക്കൽ പൂർത്തിയാവുന്നതിൽ വലിയ ആശ്വാസം സ്വാഭാവികമാണെങ്കിലും പഠനം ഉപേക്ഷിച്ചു മടങ്ങേണ്ടിവന്ന കുട്ടികളുടെ ഭാവിസംബന്ധിച്ചുള്ള ഉത്‌കണ്ഠയും അനിശ്ചിതത്വവും വെല്ലുവിളിയാണ്. കേന്ദ്ര സർക്കാരും ഇന്ത്യൻ മെഡിക്കൽ കൗൺസിലും അതേപ്പറ്റി ആലോചന തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പഠനം മുടങ്ങിപ്പോയ കുട്ടികളെ ഏതുവിധത്തിൽ സഹായിക്കാനാവുമെന്നാണ് പ്രധാനമായും ആലോചിക്കുന്നത്. ഇന്ത്യയിലോ വിദേശങ്ങളിലോ ഉള്ള മെഡിക്കൽ കോളേജുകളിൽ ഇവരെ പുനരധിവസിപ്പിക്കാനുള്ള സാദ്ധ്യതയാണ് ആരായുന്നത്. പ്രധാനമായും മൂന്നും നാലും അഞ്ചും വർഷക്കാരുടെ ഭാവി ഉറപ്പാക്കേണ്ടതുണ്ട്. ഏതുവിധേനയും തുടർപഠനം സാദ്ധ്യമാക്കുന്നതിനാകും പ്രഥമ പരിഗണന. മെഡിക്കൽ കൗൺസിൽ, കേന്ദ്ര ആരോഗ്യവകുപ്പ്, നീതി ആയോഗ് എന്നിവ യോഗം ചേർന്ന് വിഷയം ചർച്ചചെയ്ത് ഉചിത തീരുമാനമെടുക്കുമെന്നാണു അധികൃതർ അറിയിച്ചിരിക്കുന്നത്. ഇങ്ങനെയൊരു സാഹചര്യം ഇതിനുമുമ്പ് നേരിടേണ്ടിവന്നിട്ടില്ല. ഇവർ എടുക്കുന്ന ഏതു തീരുമാനത്തെയും പിന്തുണയ്ക്കാൻ സർക്കാർ മുന്നോട്ടുവരുമെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. യുക്രെയിൻ മെഡിക്കൽ കോളേജുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് വിദേശങ്ങളിലെ മെഡിക്കൽ കോളേജുകളിൽ ചേർന്നു പഠിക്കാൻ അനുവാദം ലഭിക്കുമോയെന്നും പരിശോധിക്കും. സാധാരണഗതിയിൽ നടക്കാത്ത കാര്യങ്ങളാണിതൊക്കെ.

വിദേശ മെഡിക്കൽ യൂണിവേഴ്‌സിറ്റികളിൽ നിന്നു ബിരുദമെടുത്ത് വരുന്നവർക്ക് ഇന്ത്യയിൽ പ്രാക്ടീസ് നടത്താൻ മെഡിക്കൽ കൗൺസിലിന്റെ പ്രത്യേക പരീക്ഷ പാസാകേണ്ടതുണ്ട്. ഓരോ വർഷം കഴിയുന്തോറും ഇങ്ങനെ എത്തുന്ന കുട്ടികളുടെ സംഖ്യ കൂടിവരികയാണ്. ചൈനയിൽനിന്നു മാത്രം കഴിഞ്ഞവർഷം രണ്ടായിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികളാണ് യോഗ്യതാപരീക്ഷ എഴുതിയത്. യുക്രെയിനിൽ നിന്ന് ഇതിന്റെ എത്രയോ മടങ്ങ് അധികം കുട്ടികളാണ് പരീക്ഷയ്ക്കിരുന്നത്. നിലവിലെ നിബന്ധനകളനുസരിച്ച് വിദേശത്തു പഠിക്കുന്ന മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇടയ്ക്കുവച്ച് ഇന്ത്യയിലെ ഏതെങ്കിലും മെഡിക്കൽ കോളേജിൽ തുടർപഠനത്തിന് അർഹതയില്ല. നിയമം മാറ്റിയാലേ അതു സാദ്ധ്യമാകൂ. യുക്രെയിനിൽ നിന്ന് ആയിരക്കണക്കിന് കുട്ടികൾ മടങ്ങിയെത്തേണ്ടിവന്ന സാഹചര്യം കണക്കിലെടുത്ത് കേന്ദ്രത്തിന്റെയും മെഡിക്കൽ കൗൺസിലിന്റെയും തീരുമാനത്തെ ആശ്രയിച്ചാണ് അവരുടെ ഭാവി.

ഇതിനിടെ രാജ്യത്ത് മെഡിക്കൽ പ്രവേശനത്തിനുള്ള ഏകീകൃത പ്രവേശന പരീക്ഷയായ 'നീറ്റി"നെതിരെ ചില കേന്ദ്രങ്ങൾ ആസൂത്രിതനീക്കം തുടങ്ങിയിട്ടുണ്ട്. 'നീറ്റ്" കാരണമാണ് ആയിരക്കണക്കിന് കുട്ടികൾ വിദേശങ്ങളിൽ പോയി പഠിക്കാൻ നിർബന്ധിതരാകുന്നതെന്നാണ് 'നീറ്റ്" വിരുദ്ധരുടെ ആക്ഷേപം. ഏതു മത്സരപരീക്ഷകളിലും ഉയർന്ന സ്കോർ നേടുന്നവർക്കാണു പ്രവേശനമെന്നത് ലോകമൊട്ടാകെ അംഗീകരിക്കപ്പെട്ട യാഥാർത്ഥ്യമാണ്. അനായാസം പ്രവേശനം ലഭിക്കുമെന്നതും താരതമ്യേന കുറഞ്ഞ ഫീസിൽ പഠിക്കാമെന്നതുമാണ് വൻതോതിൽ കുട്ടികൾ വിദേശസർവകലാശാലകൾ തേടിപ്പോകാൻ കാരണം. ഇവിടെ ആവശ്യത്തിന് മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുകയും ഫീസ് നിരക്ക് സാധാരണക്കാർക്ക് താങ്ങാനാവുന്ന നിലയിൽ നിശ്ചയിക്കുകയുമാണ് കുട്ടികളെ ഇവിടെത്തന്നെ പിടിച്ചുനിറുത്താനാവശ്യമായ കാര്യങ്ങൾ. 'നീറ്റി"നെതിരെ വാളെടുത്തു നിൽക്കുന്നവർ അതിനായി മുന്നിട്ടിറങ്ങട്ടെ.

Advertisement
Advertisement